ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാറ്. തലകീഴായി മറിഞ്ഞ വിമാനം അല്പ സമയത്തിന് ശേഷം അടിയന്തിരമായി നിലത്തിറക്കി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ഇതില്‍ ദൂരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഡല്‍ഹിയില്‍നിന്ന് കര്‍ണാടകയിലേക്ക് തെരഞ്ഞെടുപ്പു പ്രചാരണത്തിനു വന്നതാണ് രാഹുല്‍ ഗാന്ധി. റെലിഗെയര്‍ ഏവിയേഷന്‍ ലിമിറ്റഡിന്റെ ചാര്‍ട്ടേര്‍ഡ് വിമാനത്തിലായിരുന്നു രാഹുല്‍ സഞ്ചരിച്ചത്. രാഹുലിനൊപ്പം നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിമാനത്തിലുണ്ടായിരുന്നു. ഹൂബ്ലി വിമാനത്താവളത്തില്‍ രണ്ടു തവണ വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും കുലുക്കം അനുഭവപ്പെടുകയായിരുന്നു. മൂന്നാം തവണയുള്ള ശ്രമത്തിലാണ് വിമാനം ലാന്‍ഡ് ചെയ്തത്.
കാലാവസ്ഥ ശാന്തമായിരുന്നിട്ടും വിമാനത്തിന് സംഭവിച്ച തകരാറ് ദുരൂഹമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇത് സംബന്ധിച്ച് കര്‍ണാടക ഡിജിപിക്ക് കോണ്‍ഗ്രസ് പരാതി നല്കി. കൂടാതെ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്ക്കും പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. സംഭവം വിവാദമായതോടെ ചൈന സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യാഴാഴ്ച രാത്രിയോടെ രാഹുല്‍ ഗാന്ധിയെ ഫോണില്‍ വിളിച്ചു.

