തൊടുപുഴ: മലയാള നടിയും നാടക പ്രവര്‍ത്തകയും നൃത്താദ്ധ്യാപികയും ആയിരുന്ന തൊടുപുഴ വാസന്തി അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ 4.30ന് വാഴക്കുളത്ത് സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ദീര്‍ഘകാലമായി അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം നാലിന് സഹോദരന്റെ വീട്ടില്‍ മൃതദേഹം സംസ്ക്കരിക്കും.
ബാലയിലൂടെ കലാലോകത്തേക്ക് കടന്നുവന്ന പി വസന്തകുമാരി എന്ന തൊടുപുഴ വാസന്തി, നാടക രംഗത്ത് നിന്നാണ് സിനിമയിലെത്തിയത്. 16-ാം വയസില്‍ ധര്‍മക്ഷേത്ര കുരുക്ഷേത്രയില്‍ നര്‍ത്തകിയായി എത്തിയ വാസന്തി, തോപ്പില്‍ ഭാസിയുടെ എന്റെ നീലാകാശം എന്ന ചിത്രത്തിലാണ് ആദ്യമായി കഥാപാത്രത്തെ അവതരിപ്പിച്ചത്.
1976 മുതല്‍ സിനിമാ മേഖലയില്‍ സജീവമായ അവര്‍ കണ്ണപ്പനുണ്ണി, വൃതം, അമ്മത്തൊട്ടില്‍, യവനിക, ടി.പി. ബാലഗോപാലന് എം.എ,ഒരു വടക്കന്‍ വീരഗാഥ, ആലോലം, കാര്യംനിസാരം, അടിയൊഴുക്കുകള്‍, ഗോഡ്ഫാഫാദര്‍, നവംബറിന്റെ നഷ്ടം തുടങ്ങി 450 ഓളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2007ല്‍ ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ചു. 2016പുറത്തിറങ്ങിയ ഇത് താന്‍ ടാ പൊലീസ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. 16 സീരിയലുകളിലും നൂറിലേറെ നാടകങ്ങളിലും വാസന്തി സാന്നിധ്യമറിയിച്ചു.
വാസന്തിയുടെ ജീവിതത്തിന്റെ അവസാന നാളുകള്‍ ഏറെ ദുരിത പൂര്‍ണ്ണമായിരുന്നു സിനിമയില്‍ അവസരം കുറഞ്ഞതോടെ നാട്ടില്‍ നൃത്തവിദ്യാലയം തുടങ്ങിയ വാസന്തി 2017 ഓഗസ്ത് 17ന് പ്രമേഹത്തെത്തുടര്‍ന്ന് വലതുകാല്‍ മുറിച്ച് മാറ്റേണ്ടി വന്നിരുന്നു. ഇതിന് പുറമെ തൊണ്ടയില്‍ ക്യാന്‍സറും പിടിപെട്ടു. ഇതോടെ ജീവിതം കട്ടിലില്‍ ആയി ഭര്‍ത്താവ് രജീന്ദ്രനും ക്യാന്‍സര്‍ ബാധിച്ചതോടെ ചികിഝക്കായി പണം കണ്ടെത്താന്‍ ബുധിമുട്ടിലായിരുന്നു വാസന്തിയുടെ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ് വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് ഉള്‍പ്പടെയുള്ള സംഘടനകള്‍ സഹായ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു.

