ശരീരം തളര്‍ത്തിയ നായ ആക്രമണം, 75 ലക്ഷം നഷ്ടപരിഹാരം തേടി ലക്ഷ്മണന്‍ # 40 വര്‍ഷമായി നിയമപോരാട്ടത്തില്‍

കണ്ണൂര്‍ : തെരുവു നായയുടെ ആക്രമണത്തെ തുടര്‍ന്ന് ചികിത്സയ്ക്കും സുപ്രീംകോടതിവരെ കേസിനും 35 ലക്ഷം രൂപ ചെലവഴിക്കേണ്ടി വന്ന ബീഡിതെറുപ്പ് തൊഴിലാളി അഞ്ചരക്കണ്ടി എക്കാല്‍ ‘വരദ’യിലെ വി.

ലക്ഷ്മണന്റെ പോരാട്ടം നാല്‍പതാംവര്‍ഷവും തുടരുന്നു. പേവിഷബാധയ്ക്കെതിരെയുള്ള കുത്തിവയ്പ് എടുത്തതിന് പിന്നാലെ, അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെടുകയായിരുന്നു. സുപ്രീംകോടതി വിധിച്ച നഷ്ടപരിഹാരമായ പത്തുലക്ഷം രൂപ പഞ്ചായത്ത് നല്‍കിയെങ്കിലും 75 ലക്ഷം കിട്ടാനാണ് നിയമപോരാട്ടം. ലക്ഷ്മണന്റെ അപ്പീലില്‍, 75 ലക്ഷം രൂപ നഷ്ടമുണ്ടായെന്ന് സുപ്രീംകോടതി നിയോഗിച്ച കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലക്ഷ്മണന്‍ ഇന്നലെ തദ്ദേശ മന്ത്രി എം.ബി. രാജേഷിന് നിവേദനം നല്‍കി. വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്താണ് ചികിത്സിച്ചതും കേസ് നടത്തിയതും. 40 ലക്ഷം രൂപയുടെ തിരിച്ചടവ് ബാക്കി.

ജീവിതം മാറിമറിഞ്ഞ

ഒക്ടോബര്‍ 14

1983 ഒക്ടോബര്‍ 14ന് ദിനേശ് ബീഡി കമ്ബനിയിലേക്ക് പോകുന്ന വഴിയാണ് തെരുവു നായ ആക്രമിച്ചത്. കാലില്‍ മാരകമായ പരിക്കേറ്റു. ചക്കരക്കല്ല് ഇരിവേരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കുത്തിവയ്പ്പ് എടുത്തതിന് പിറകെ അരയ്ക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ടു. പിന്നെ ചികിത്സയുടെ നീണ്ട കാലം. ചികിത്സാപ്പിഴവാണെന്നും കുത്തിവച്ച മരുന്നിലെ അപാകതയാണ് കാരണമെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി.

നാല്‍പതു വര്‍ഷത്തെ യുദ്ധം

അഞ്ചരക്കണ്ടി പഞ്ചായത്തിനും കുത്തിവച്ച ഡോക്ടര്‍ക്കുമെതിരെ തലശേരി സബ് കോടതിയില്‍ തുടങ്ങിയതാണ് നിയമയുദ്ധം. നഷ്ടപരിഹാരം നിഷേധിച്ച കീഴ്ക്കോടതി വിധികള്‍ക്കെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലിലാണ് അഞ്ചരക്കണ്ടി പഞ്ചായത്ത് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി വന്നത്. 2018ല്‍ ഈ തുക നല്‍കി. എന്നാല്‍ 75 ലക്ഷം ആവശ്യപ്പെട്ട് ലക്ഷ്മണന്‍ അപ്പീല്‍ നല്‍കി. റിട്ട. ജസ്റ്റിസ് സിരിജഗന്‍ ചെയര്‍മാനായ കമ്മിഷനെ സുപ്രീംകോടതി നിയോഗിച്ചു. 75 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു റിപ്പോര്‍ട്ട്. ഇത് ഉത്തരവായി വന്നിട്ടില്ല. ഒരു രൂപ പോലും കൂടുതല്‍ നല്‍കാന്‍ കഴിയില്ലെന്നാണ് പഞ്ചായത്ത് നിലപാട്. വീല്‍ചെയറിലും ക്രച്ചസിലുമായി കഴിയുന്ന എഴുപത്തഞ്ച് കഴിഞ്ഞ ലക്ഷ്മണന് ഊന്നുവടി ഭാര്യ ശ്യാമളയാണ്. മക്കള്‍ കുടുംബസമേതം വേറെയാണ് താമസം.

`ജീവനുള്ള കാലം വരെ നിയമയുദ്ധം തുടരാന്‍ മടിയില്ല.’

-വി.ലക്ഷ്മണന്‍

prp

Leave a Reply

*