ചെന്നൈ സ്വകാര്യ ബാങ്കിലെ കവര്‍ച്ച; പോലീസ് ഇന്‍സ്പെക്ടറുടെ വീട്ടില്‍ നിന്ന് 3.5 കിലോ സ്വര്‍ണം പിടികൂടി
ചെന്നൈ അറുംമ്ബാക്കത്തെ സ്വകാര്യ ബാങ്കില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പോലീസ് ഇന്‍സ്‌പെക്ടറുടെ വീട്ടില്‍നിന്ന് 3.5 കിലോഗ്രാം സ്വര്‍ണം അന്വേഷണസംഘം പിടിച്ചെടുത്തു.ചെങ്കല്‍പ്പെട്ട് ജില്ലയിലെ അച്ചരപ്പാക്കം പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ അമല്‍രാജുവിന്റെ വീട്ടില്‍നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.
ചെന്നൈ അരുംബാക്കത്തെ ഫെഡ്ബാങ്ക് ശാഖയില്‍ നിന്ന് 32 കിലോഗ്രാം സ്വര്‍ണമാണ് ശനിയാഴ്ച ഉച്ചയോടെ കവര്‍ന്നത്. സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റിലായിരുന്നു. 32 കിലോഗ്രാം സ്വര്‍ണം അറസ്റ്റിലായവരില്‍നിന്ന് പിടിച്ചെടുത്തതായും പോലീസ് അറിയിച്ചിരുന്നു. എന്നാല്‍, ബാങ്ക് അധികൃതര്‍ സ്വര്‍ണത്തിന്റെ യഥാര്‍ഥ കണക്കെടുത്തപ്പോള്‍ 28 കിലോഗ്രാം സ്വര്‍ണം മാത്രമേ തിരിച്ചുകിട്ടിയിരുന്നുള്ളൂവെന്ന് പോലീസിനെ അറിയിച്ചു. തുടര്‍ന്ന് അഡീഷണല്‍ കമ്മിഷണര്‍ ടി.എസ്. അന്‍പിന്റെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘങ്ങള്‍ വീണ്ടും അന്വേഷണം നടത്തുകയായിരുന്നു.
കേസില്‍ പോലീസ് പിടികൂടിയ സന്തോഷ്, ബാലാജി എന്നിവരെ പോലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തിരുന്നു. കവര്‍ന്ന സ്വര്‍ണത്തില്‍ 3.5 കിലോഗ്രാം ബന്ധുവായ അച്ചരപ്പാക്കം പോലീസ് ഇന്‍സ്‌പെക്ടര്‍ അമല്‍രാജുവിന്റെ വീട്ടില്‍ കൊണ്ടുപോയി സൂക്ഷിച്ചിരിക്കയാണെന്ന് അദേഹത്തിന്റെ ബന്ധുകൂടിയായ സന്തോഷ് മൊഴി നല്‍കി.
പോലീസ് ഇന്‍സ്പെക്ടറുടെ വീട്ടില്‍ നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണം പിടിച്ചെടുത്തത്. സംഭവത്തില്‍ ഇന്‍സ്പെക്ടര്‍ അമല്‍രാജുവിനെ ചോദ്യംചെയ്യുകയാണ്. കവര്‍ച്ചയില്‍ ഏഴുപേര്‍ക്ക് പങ്കുണ്ടെന്നാണ് കേസന്വേഷണത്തിന്റെ തുടക്കത്തില്‍ പോലീസ് അറിയിച്ചിരുന്നത്. തുടക്കത്തില്‍ അഞ്ചുപേരെയും ബുധനാഴ്ച കോളേജ് വിദ്യാര്‍ഥിയെയും അറസ്റ്റുചെയ്തിരുന്നു.

