
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ കുന്നുകൂടുന്നതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. ഫയലുകള്‍ കുന്നുകൂടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വകുപ്പ് സെക്രട്ടറിമാരുടെ അടിയന്തരയോഗം വിളിച്ചു. അടുത്ത ചൊവ്വാഴ്ച വെെകീട്ട് 4.30 നാണ് യോഗം. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും യോഗം നടക്കുക.
കോവിഡ് പ്രതിസന്ധി കൂടി ഉടലെടുത്തതോടെ ഫയലുകള്‍ നീങ്ങുന്നത് സാവധാനമായി. ഇതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ട്. ഓരോ ഫയലുകളും ഓരോ ജീവിതമാണെന്ന് ഓര്‍മിപ്പിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന് അധികാരമേറ്റത്. എന്നാല്‍, കഴിഞ്ഞ നാല് വര്‍ഷമായി ഫയലുകള്‍ നീങ്ങുന്നതിനു വലിയ തോതില്‍ കാലതാമസമുണ്ടായി.
ഫയലുകള്‍ പരിഗണിക്കുന്നതില്‍ കാര്യമായ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി വകുപ്പ് സെക്രട്ടറിമാരുടെ അടിയന്തരയോഗം വിളിച്ചിരിക്കുന്നത്. വ്യാഴാഴ്ച വരെ തീരുമാനമെടുത്ത ഫയലുകളുടെ എണ്ണം, തീര്‍പ്പാക്കേണ്ടവയുടെ പുരോഗതി എന്നിവ വകുപ്പ് സെക്രട്ടറിമാര്‍ മുഖ്യമന്ത്രിയെ അറിയിക്കണം.
റവന്യു, ആഭ്യന്തരം, പൊതു വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളിലാണ് ഫയലുകളേറെയും കെട്ടിക്കിടക്കുന്നത്. രണ്ടു ലക്ഷത്തോളം ഫയലുകള്‍ കെട്ടിക്കിടക്കുന്നതായാണ് സൂചന.
