െജസിന്‍റെ ഗോളുകള്‍ പതിച്ചത് പിതാവിന്‍റെ സ്വപ്നവലകളില്‍

മഞ്ചേരി: ക്രിക്കറ്റ് കമ്ബക്കാരനായ അച്ഛന്‍ തനിക്ക് ലഭിക്കാത്ത നേട്ടങ്ങള്‍ മകനിലൂടെ നേടിയെടുക്കുന്ന കഥ പറയുന്ന ചിത്രമായിരുന്നു 2014ല്‍ പുറത്തിറങ്ങിയ നിവിന്‍ പോളി അഭിനയിച്ച ‘1983’.

ചിത്രത്തിലെ രമേശനെയും മകന്‍ കണ്ണനെയും മലയാളികള്‍ ഏറ്റെടുത്തു. എന്നാല്‍, സിനിമയില്‍ അല്ലാതെ ജീവിതത്തില്‍ സമാനമായ അനുഭവമാണ് നിലമ്ബൂര്‍ സ്വദേശിയായ തോണിക്കര വീട്ടില്‍ മുഹമ്മദ് നിസാറിന്. സ്വന്തം മണ്ണില്‍ നടക്കുന്ന സന്തോഷ് ട്രോഫി ചാമ്ബ്യന്‍ഷിപ്പില്‍ സെമി ഫൈനലില്‍ കേരളത്തിനായി അഞ്ച് ഗോളടിച്ച്‌ റെക്കോഡിട്ട ടി.കെ. െജസിന്‍റെ ഉപ്പയാണ് നിസാര്‍. സിനിമയില്‍ ക്രിക്കറ്റിന്‍റെ കഥയാണ് പറഞ്ഞതെങ്കില്‍ ഇവിടെ ഫുട്ബാളാണെന്ന് മാത്രം.

വലിയ ഫുട്ബാള്‍ കളിക്കാരനാവാന്‍ ആഗ്രഹിച്ചെങ്കിലും പ്രതിസന്ധികളില്‍ തട്ടിവീണ നിസാര്‍ മകനിലൂടെ വിജയങ്ങള്‍ നേടിയെടുക്കുകയാണ്. ചെറുപ്പംതൊട്ടേ നിസാറിന് കാല്‍പന്തുകളിയോടായിരുന്നു പ്രേമം. എസ്.എസ്.എല്‍.സി പഠനശേഷം 1991ല്‍ മകന്‍ ഇപ്പോള്‍ പഠിക്കുന്ന എം.ഇ.എസ് കോളജില്‍ പ്രീഡിഗ്രിക്ക് പ്രവേശനം ലഭിച്ചു. അത്ലറ്റിക്സ്, ബാസ്ക്കറ്റ്ബാള്‍, കബഡി തുടങ്ങിയ ഇനങ്ങളില്‍ മികവ് തെളിയിച്ച നിസാറിന് സ്പോര്‍ട്സ് ക്വോട്ടയിലൂടെ തന്നെയായിരുന്നു പ്രവേശനം ലഭിച്ചത്. എന്നാല്‍, പഠനം മുഴുവനാക്കാനായില്ല. പിന്നീട് ‘കാക്കി’ ജഴ്സിയിട്ട് ഓട്ടോറിക്ഷയുടെ ഹാന്‍ഡില്‍ പിടിച്ചു. തുടര്‍ന്ന് പ്രവാസജീവിതത്തിലേക്ക് കാലെടുത്തുവെച്ചു.

രണ്ടുവര്‍ഷത്തിനുശേഷം നാട്ടിലെത്തി ഓട്ടോറിക്ഷയുമായി വീണ്ടും സജീവമായി. ഇതിനിടെ നിലമ്ബൂരിലെ യാസ് ക്ലബിനുവേണ്ടി ഗൂഡല്ലൂരിലും വയനാട്ടിലുമൊക്കെയായി ഒട്ടേറെ സെവന്‍സ് മത്സരങ്ങളില്‍ ബൂട്ടുകെട്ടി. നിസാറിന്‍റെ ഉമ്മ ആമിനയാണ് ജെസിനെ ഫുട്ബാള്‍ ലോകത്തേക്ക് കാലെടുത്ത് വെപ്പിച്ചത്.

നാലാം ക്ലാസില്‍ പഠിക്കുമ്ബോള്‍ ഉമ്മയാണ് മയ്യംന്താനി ഗ്രൗണ്ടില്‍ കൊണ്ടുപോകുകയും കൊണ്ടുവരുകയും ചെയ്തിരുന്നതെന്ന് മുഹമ്മദ് നിസാര്‍ പറഞ്ഞു. മകന്‍ ഗോളടിച്ചതില്‍ സന്തോഷമുണ്ടെന്നും കേരളം ഫൈനലിലെത്തിയതോടെ അത് ഇരട്ടിയായെന്നും നിസാര്‍ പറഞ്ഞു. ഫൈനലില്‍ കളി കാണാന്‍ പയ്യനാട്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. മകന്‍റെ ഗോള്‍ നേട്ടത്തില്‍ സന്തോഷമുണ്ടെന്നും കേരളം ഫൈനലില്‍ കപ്പുയര്‍ത്താന്‍ പ്രാര്‍ഥിക്കുമെന്നും മാതാവ് സുനൈന പറഞ്ഞു. സെമി ഫൈനല്‍ മത്സരം കാണാന്‍ ബന്ധുക്കള്‍ എല്ലാവരും ജെസിന്‍റെ വീട്ടിലെത്തിയിരുന്നു. ജാഷിദ്, ആമിന നൗറിന്‍ എന്നിവരാണ് സഹോദരങ്ങള്‍.

prp

Leave a Reply

*