ന്യൂയോര്‍ക്ക്: നന്ദി പറയാത്തതിന്റെ പേരിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ 37കാരനെ കുത്തിക്കൊന്നു. അമേരിക്കയില്‍ പാര്‍ക്ക് സ്ലോപ്പിലെ ഫോര്‍ത്ത് അവന്യുവില്‍ കഴിഞ്ഞ ദിവസം രാത്രി 10.20ഓടെയാണ് സംഭവം.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. അപരിചിതനായ വ്യക്തിക്ക് കടയുടെ വാതില്‍ തുറന്നു കൊടുത്തതിന് പിന്നാലെയാണ് തര്‍ക്കം ഉണ്ടായത്. കൊല്ലപ്പെട്ടയാള്‍, കൊലപാതകം നടത്തിയ ആള്‍ക്ക് വേണ്ടിയാണ് കടയുടെ വാതില്‍ തുറന്നു കൊടുത്തത്.
എന്നാല്‍ വാതില്‍ തുറന്നു കൊടുത്തതിന് നന്ദി പറയാന്‍ രണ്ടാമത്തെയാള്‍ തയ്യാറായില്ല. നന്ദി പറയാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് രണ്ടുപേരും തമ്മില്‍ തര്‍ക്കമായി. വൈകാതെ തന്നെ ഇവര്‍ തമ്മില്‍ ശാരീരികമായ ഏറ്റുമുട്ടലും ആരംഭിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പുറത്ത് നിന്ന് വന്നയാള്‍ അയാളുടെ സൈക്കിളില്‍ നിന്ന് കത്തിയെടുത്ത് തനിക്ക് വാതില്‍ തുറന്നു തന്നയാളെ കുത്തി വീഴ്ത്തുകയായിരുന്നു.
കൊല്ലപ്പെട്ടയാള്‍ക്ക് നിരവധി തവണ കുത്തേറ്റു. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. അതേസമയം കൊലപാതകം നടത്തിയ ആളെ പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയതായും പോലീസ് പറഞ്ഞു.

