സംഘര്‍ഷത്തിന്റെ സ്രോതസ്സുകളായി മൂന്നു കാര്യങ്ങളെയാണ് ശാസ്ത്രീയ ചരിത്രാന്വേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന തുസ്സിഡിഡീസ് ചൂണ്ടിക്കാട്ടുന്നത്; ഭയം, ബഹുമാനം, താല്‍പര്യം. രണ്ടു രാജ്യങ്ങളോ പ്രദേശങ്ങളോ തമ്മിലുള്ള സംഘര്‍ഷത്തിനു വഴിതെളിക്കുന്ന ഈ മൂന്നു സ്രോതസ്സുകളുടെയും അപൂര്‍വമായ കൂടിച്ചേരല്‍ കാണാം, ചൈനയുടെയും തയ്‌വാന്റെയും ഇടയില്‍.
2023ല്‍ വീണ്ടും അധികാരം ഉറപ്പിക്കാനുള്ള ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ അദമ്യമായ ആഗ്രഹത്തിനു മുന്നില്‍ തയ്‌വാന്റെ ‘തല’ ചൈനീസ് വ്യാളിയുടെ കൈക്കുള്ളിലാകുമോ?തയ്‌വാനെ കൂട്ടിച്ചേര്‍ക്കാനുള്ള ഉദ്യമങ്ങള്‍ ഉച്ചസ്ഥായിയിലാണെന്നാണു നിഗമനം. യുഎസ് നേവല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാഗസിനില്‍ യുഎസ് നേവി റിട്ട. അഡ്മിറല്‍ ജെയിംസ് എം.വിന്നെഫെല്‍ഡ്, സിഐഎ മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ മൈക്കിള്‍ ജെ.മോറല്‍ എന്നിവരുടേതായി പ്രസിദ്ധീകരിച്ച ലേഖനമാണു തയ്‍വാനിലെ ചൈനീസ് മോഹങ്ങളുടെയും തന്ത്രങ്ങളുടെയും ഉള്ളറകള്‍ പരിശോധിക്കുന്നത്.
സ്വേച്ഛാധിപത്യ ശൈലിയിലുള്ള കമ്യൂണിസ്റ്റ് ഭരണകൂടമെന്ന നിലയില്‍ ജനതയുടെ മേലുള്ള പിടി നഷ്ടപ്പെടുന്ന ആശങ്കയിലാണു ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി. ഭയം ഉപയോഗിച്ചു നിയന്ത്രിക്കുന്നുണ്ടെങ്കിലും മറികടക്കാന്‍ ജനം ഒരുങ്ങുന്നതാണു വെല്ലുവിളി.

