തലപ്പാടി അതിര്‍ത്തിയില്‍ തുടര്‍ച്ചയായ രണ്ടാംദിനവും കര്‍ണാടക പരിശോധന കര്‍ശനമാക്കി. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയെത്തിയ നിരവധിയാളുകളെ ഇന്നും മടക്കി അയച്ചു. കര്‍ണാടക ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ പ്രതിഷേധം ശക്തമാണ്. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് വിദേശയാത്രാനുമതി നല്‍കുമ്ബോള്‍ കര്‍ണ്ണാടക തടയുന്നത് നീതികേടെന്ന് യാത്രക്കാര്‍ പറഞ്ഞു
രാവിലെ പത്തുമണിയോടെ ക്രമസമാധാനപാലന ചുമതലയുള്ള കര്‍ണാടക എ.ഡി.ജി.പി. പ്രതാപ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം തലപ്പാടി എത്തി. കേരളത്തിലെ സാഹചര്യം സാധാരണ നിലയിലാകുന്നതു വരെ യാത്ര നിയന്ത്രണം തുടരുമെന്ന് പ്രതാപ് റെഡി പറഞ്ഞു. അടിയന്തിരാവശ്യങ്ങള്‍ക്ക് പോകുന്നവരെയും , പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇളവുണ്ടാകും. പരിശോധന സൗകര്യം കര്‍ണ്ണാടക ഒരുക്കില്ലെന്നും എ ഡി ജി പി വ്യക്തമാക്കി.
കര്‍ണ്ണാടക നടപടിക്കെതിരെ കേരളത്തിലേക്ക് വരുന്ന വാഹനങ്ങള്‍ തടഞ്ഞ് ഇന്നും നാട്ടുകാര്‍ പ്രതിഷേധിച്ചു വിവിധ രാഷ്ട്രിയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധം
കേരള തമിഴ്നാട് അതിര്‍ത്തിയായ വാളയാര്‍ , കളിയാക്കവിള ചെക്ക്പോസ്റ്റുകളിലും കര്‍ശന പരിശോധനയുണ്ട്. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വാക്സിന്‍ സര്‍ട്ടിഫിക്കറ്റോ ഇല്ലാത്തവര്‍ക്കാണ് അതിര്‍ത്തിയില്‍ കൊവിഡ് പരിശോധന. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ശേഷം മാത്രം അതിര്‍ത്തി കടക്കാന്‍ അനുമതി. പോസിറ്റീവ് ആകുന്നവരെ തമിഴ്നാട്ടില്‍ ക്വാറന്റൈന്‍ ചെയ്യും.
5ആം തിയതി മുതല്‍ നടപ്പിലാക്കാന്‍ പോകുന്ന കൊവിഡ് നിയന്ത്രണങ്ങളുടെ മുന്നോടിയയാണ് ഇപ്പോഴത്തെ പരിശോധന .5 ആം തിയതി മുതല്‍ 2 ഡോസ് വാക്‌സിന്‍ കഴിഞ്ഞവര്‍ക്കും..72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റു ഉള്ളവര്‍ക്കും മാത്രമേ തമിഴ് നാട്ടിലേക്കു യാത്ര അനുവദിക്കയുള്ളൂ. എന്നാല്‍ ഇന്ന് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയും ഇ- പാസ്സ് ഇല്ല എന്ന കാരണം പറഞ്ഞ് കളിയക്കാവിളയില്‍ തിരിച്ചയച്ചു. ചരക്കു ഗതാഗതത്തിനു തടസമില്ല.

