ഒരു ദിവസം, ഒരുലക്ഷം പേരെ ഊട്ടാന്‍ സമൂഹ അടുക്കള- 3

കണ്ണൂര്‍: ആരും പട്ടിണി കിടക്കരുതെന്ന ചിന്തയില്‍ നിന്നാണ് സമൂഹ അടുക്കള എന്ന ആശയം കൊവിഡ് കാലത്ത് രൂപം കൊണ്ടത്.

സര്‍ക്കാരിനൊപ്പം സന്നദ്ധ സംഘടനകളും സാമൂഹ്യ, രാഷ്ട്രീയ പ്രവര്‍ത്തകരും കൈകോര്‍ത്തപ്പോള്‍ അതൊരു മഹാസംഭവമായി . അതിന്റെ തുടര്‍ച്ചയായി 20 രൂപയ്ക്ക് ഊണ്‍ നല്‍കുന്ന ജനകീയ ഹോട്ടലുകളും നിലവില്‍വന്നു. ആയിരങ്ങളെ ഊട്ടുന്ന ഈ അപൂര്‍വ്വ സംരംഭം ഒരു പക്ഷേ കേരളത്തിന് മാത്രം അവകാശപ്പെട്ടതാണ്. ചോറ്, രണ്ട് കറികള്‍, ഒരു തോരന്‍, അച്ചാര്‍ എന്നിവ ഉള്‍പ്പെടുന്ന ഊണാണ് ഇവിടങ്ങളില്‍.

അഞ്ചംഗങ്ങളുള്ള വീട്ടില്‍ ഇത്രയും വിഭവങ്ങള്‍ നല്‍കണമെങ്കില്‍ കുറഞ്ഞത് 250 രൂപയെങ്കിലും ചെലവ് വരും. കണ്ണൂര്‍ ജില്ലയിലെ 88 ജനകീയ ഹോട്ടലുകളില്‍ നിന്നായി കാല്‍ലക്ഷത്തോളം പേര്‍ക്ക് ഊണ്‍ നല്‍കുന്നുണ്ട്.20 രൂപയ്ക്ക് ഊണ്‍ കൊടുക്കാനാകുമോ എന്ന പേടി പിന്നീട് പതുക്കെ മാറിയെന്നും ഇപ്പോള്‍ അഞ്ച് സ്ത്രീകള്‍ക്കും കുടുംബത്തിനും ഇതുവലിയൊരു ജീവിതമാര്‍ഗവുമായി മാറിയെന്ന് മട്ടന്നൂര്‍ ജനകീയ ഹോട്ടല്‍ സെക്രട്ടറി പ്രീത ഒതയോത്ത് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ദിവസ വേതനക്കാര്‍ക്ക് ഇത് വലിയ ആശ്വാസമാണ്. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം. ഓരോ ദിവസവും ഏകദേശം ഒരു ലക്ഷത്തോളം പേരാണ് 20 രൂപയ്ക്ക് കേരളത്തിന്റെ ജനകീയ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത്.

കൊച്ചി കോര്‍പ്പറേഷന്റെ സ്മാര്‍ട്ട് അടുക്കളയാണ് ഇതില്‍ വേറിട്ടു നില്കുന്നു. കൊച്ചി പോലുള്ള വലിയ നഗരത്തില്‍ പ്രഭാതഭക്ഷണവും ഉച്ചയൂണും അത്താഴവും എല്ലാം കൂടി 25 രൂപയ്ക്ക് ലഭിക്കുന്നു.പത്തു രൂപയ്ക്ക് ഊണു നല്‍കുന്ന പദ്ധതി ഗാന്ധിജയന്തി ദിനത്തിലാണ് തുടങ്ങിയത്. നോര്‍ത്ത് പരമാര റോഡിലെ ലിബ്ര ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് സ്മാര്‍ട്ട് അടുക്കളയുടെ പ്രവര്‍ത്തനം. ഒരുസമയം അയ്യായിരം പേര്‍ക്കുള്ള ഭക്ഷണം ഉണ്ടാക്കാന്‍ ഇവിടെ സൗകര്യമുണ്ട്. പാചകത്തിനായി അത്യാധുനിക സംവിധാനങ്ങള്‍ . കുടുംബശ്രീയുടെ കീഴിലുള്ള ഈസ്റ്റ്, വെസ്റ്റ്, സൗത്ത് സി.ഡി.എസുകള്‍ക്കാണ് അടുക്കളയുടെ നടത്തിപ്പ്.ചോറും കറിയും തോരനുമാണ് വിഭവം. ഇതിന് പത്തു രൂപ മാത്രം.50 ലക്ഷം രൂപയുടെ പദ്ധതി കുടുംബശ്രീയുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം.കമ്ബനികളുടെ സി.എസ്.ആര്‍(കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി )ഫണ്ടും ഇതിനായി ചെലവഴിക്കുന്നുണ്ട്.

രണ്ടാം ലോക്ക്ഡൗണിന്റെ സമയത്ത് നഗരത്തിലെ കൊവിഡ് രോഗികള്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കുമായി ഒന്നര മാസത്തിനുള്ളില്‍ സൗജന്യമായി രണ്ടര ലക്ഷത്തോളം പൊതികളാണ് നല്‍കിയത്.ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്മാര്‍ട്ട് കിച്ചണ്‍ എന്ന ആശയം മേയര്‍ അഡ്വ.എം.അനില്‍കുമാര്‍ മുന്നോട്ടുവച്ചത്.കിയോസ്‌കുകള്‍ വഴി നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലെത്തിക്കുന്നതിനൊപ്പം വൈകാതെ പ്രഭാതഭക്ഷണവും അത്താഴവും ആരംഭിക്കാനാണ് ഉദ്ദേശമെന്നു കൊച്ചി കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബാ ലാല്‍ പറഞ്ഞു.( തുടരും)

prp

Leave a Reply

*