ഒരൊറ്റ ദിവസം 143 മരണം; കൊറോണയില്‍ മരണനിരക്ക് 1600ന് മുകളില്‍; കണക്കുമായി ചൈന

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 143 പേരുടെ കൂടി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കൊറോണാവൈറസ് കവര്‍ന്നവരുടെ എണ്ണം 1631 ആയി ഉയര്‍ന്നെന്ന് ചൈനയുടെ ‘മരണ’ കണക്കുകള്‍. ശനിയാഴ്ച വരെ സ്ഥിരീകരിച്ച കണക്കുകളാണ് ചൈനീസ് ആരോഗ്യ വകുപ്പ് അധികൃതര്‍ പുറത്തുവിട്ടത്.

പുതിയ കൊറോണാവൈറസ് പകര്‍ച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായ ഹുബെയ് പ്രവിശ്യയില്‍ 2420 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 139 പേര്‍ ഇവിടെ മരിച്ചതായും ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ പറഞ്ഞു. ഹെനാനില്‍ നിന്ന് രണ്ട് മരണവും, ബീജിംഗ്, ചൊംഗ്കിംഗ് എന്നിവിടങ്ങളില്‍ ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ വെള്ളിയാഴ്ച മരിച്ചവരുടെ എണ്ണം 143 ആയി. 2641 പുതിയ കേസുകളാണ് 31 പ്രവിശ്യാ മേഖലകളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്തതെന്ന് കമ്മീഷന്‍ അറിയിച്ചു. 1138 കേസുകളില്‍ ക്ലിനിക്കല്‍ പരിശോധന നടത്തിയാണ് സ്ഥിരീകരിച്ചത്. ഇതോടെ ഹുബെയ് പ്രവിശ്യയില്‍ രോഗം പിടിപെട്ടവരുടെ എണ്ണം 54,406 കേസുകളായി. ചൈനയില്‍ ആകെ കേസുകള്‍ 67,535 ആയും ഉയര്‍ന്നു.

ഹുബെയ് പ്രവിശ്യയില്‍ ഒഴികെയുള്ള മേഖലകളില്‍ കൊറോണാ റിപ്പോര്‍ട്ട് ചെയ്യുന്നത് താഴുന്ന പ്രവണത തുടരുകയാണെന്ന് ചൈനീസ് സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. പകര്‍ച്ചവ്യാധിയെ നിരീക്ഷിക്കാനും പിടിച്ചുകെട്ടാനും ഡിജിറ്റല്‍ സാങ്കേതികവിദ്യ കൂടുതലായി ഉപയോഗിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍ പിങ്‌ ആഹ്വാനം ചെയ്തു.

വുഹാനില്‍ വൈറസ് പിടിപെട്ട രോഗികളെ ചികിത്സിക്കാന്‍ റോബോട്ടുകളെ ഇറക്കിയ ഘട്ടത്തിലാണ് പ്രസിഡന്റിന്റെ നിര്‍ദ്ദേശം. ബിഗ് ഡാറ്റ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് കംപ്യൂട്ടിംഗ് എന്നിവ കൂടുതലായി പ്രയോജനപ്പെടുത്താനാണ് നിര്‍ദ്ദേശം.

prp

Leave a Reply

*