പരമമായ സത്യം…

സ്ത്രീ പുരുഷബന്ധം അപ്പവും വീഞ്ഞും പോലെയും മാംസവും രക്തവും പോലെയും പരസ്പരം ചേര്‍ന്ന്, മറ്റുള്ളവര്‍ക്ക് കാണുവാനോ അനുഭവിച്ചറിയുവാനോ കഴിയാത്ത ഒരു ലഹരിയായും

സുഗന്ധമായും വര്‍ത്തിക്കണമെന്നും അല്ലാത്തപക്ഷം അത്രയ്ക്കും ഘോരമായ വിരസതയും കൈയ്പും പ്രദാനം ചെയ്യുന്ന മറ്റൊന്ന് ലോകത്തില്ലെന്നുമുള്ള പരമമായ സത്യം ഒന്നുകൂടി ശക്തമായി പറഞ്ഞുവയ്ക്കുന്ന ചിത്രമാണ് ‘അപ്പവും വീഞ്ഞും.’

ഒരു വീടിനുള്ളില്‍ തന്നെ രണ്ടു ലോകങ്ങളില്‍, അപരിചിതരായി ജീവിക്കുന്ന -പരസ്പരം നല്ലതുപോലെ അിറയാവുന്നതുകൊണ്ടു തന്നെ- ദമ്പതിമാരുടെ കഥയാണിത്. ആ അറിവും അപരിചിതത്വവും അവരെ -പുരുഷനെയും സ്ത്രീയെയും- അവരുടെ സ്വകാര്യമായ അഭിരുചികളിലേക്ക് നയിക്കുന്നു.

Appavum-Veenjum -Movie-Stills-Poster-002
ഒരു പഴയ പ്‌ളാന്ററായ ഫെര്‍ണാണ്ടസും ( പ്രതാപ് പോത്തന്‍) ഭാര്യ മെര്‍ലിനും(രമ്യാ കൃഷ്ണന്‍) കഴിഞ്ഞ പതിനാറു വര്‍ഷങ്ങളായി അന്യരേപ്പോലെ അവരുടെ ‘വീടെ’ന്നു പറയാവുന്ന ബംഗ്‌ളാവില്‍ താമസിക്കുകയാണ്. അവരുടെ ജീവിതത്തിലേക്ക് ജൂഡ് (സണ്ണി വെയ്ന്‍) എന്ന ചെറുപ്പക്കാരന്‍ കടന്നുവരുമ്പോഴുണ്ടാകുന്ന സംഭവങ്ങളും അവന്റെ ആഗമനലക്ഷ്യവും തലമുറകള്‍ക്കപ്പുറത്തേക്ക് നീളുന്ന പ്രതികാരത്തിന്റെയുമൊക്കെ ജീവസ്സുറ്റ കഥയാണ് ‘അപ്പവും വീഞ്ഞും’ എന്ന സിനിമയിലൂടെ കാണികളുടെ മനസ്സിലേക്ക് സന്നിവേശിപ്പിക്കുന്നത്. സമകാലീന സിനിമകളിലെല്ലാം വലിയൊരു കഥപറയാനുള്ള ആവേശവും അതു പറഞ്ഞു ഫലിപ്പിക്കാനുള്ള കോലാഹലങ്ങളും സസ്‌പെന്‍സിനു വേണ്ടിയുള്ള സസ്‌പെന്‍സും എല്ലാമാണ് കണ്ടുവരുന്നത്. ഇതൊക്കെ മാറ്റിനിര്‍ത്തിക്കൊണ്ട്, എന്നാല്‍ പ്രേക്ഷകരെ കഥാഗതിക്കൊപ്പം യാത്രചെയ്യാന്‍ പ്രേരിപ്പിക്കുന്ന വിധം നല്ലൊരു തിരക്കഥയുടെ സാന്നിദ്ധ്യം ഈ സിനിമയുടെ ശക്തിയാണ്. തിരക്കഥയിലും സംഭാഷണത്തിലും കാണിച്ച മിതത്വം അഭിനേതാക്കള്‍ക്ക് തങ്ങളുടെ പെര്‍ഫോര്‍മെന്‍സ് ഹൃദയസ്പര്‍ശിയാക്കാന്‍ ഒട്ടൊന്നുമല്ല സഹായിച്ചിരിക്കുന്നത്. മെയിന്‍ ത്രെഡില്‍ കോണ്‍സണ്‍ട്രേറ്റ് ചെയ്ത്, കഥ പറയുന്ന ട്രീറ്റ്‌മെന്റിലും പുതുമയുണ്ട്. തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന വിശ്വന്‍ മലയാളസിനിമയ്ക്ക് ഒരു പ്രതീക്ഷയാണ്.

ബാന്‍ഡ് മ്യൂസികും പാശ്ചാത്യ സംഗീതവും ഗിത്താറും മദ്യപാനവുമൊക്കെയായി നാടു ചുറ്റുന്ന ചെറുപ്പക്കാരനായി സണ്ണി വെയ്ന്‍ മികച്ച പ്രകടനം കാഴ്ച വച്ചു. കഥാഗതിയെ ആദ്യന്തം നയിക്കുന്നത് ഫെര്‍ണാണ്ടസിന്റെ ശീലങ്ങളും ശീലക്കേടുകളുമാണ്. മദ്യത്തിനടിമയും ധനികനുമായ ഫെര്‍ണാണ്ടസായി പ്രതാപ് പോത്തന്‍ സിനിമയില്‍ നിറഞ്ഞു നില്ക്കുന്നു. സ്വബോധത്തിനും ഭ്രാന്തിനും നടുക്കുള്ള ഒരു നേര്‍ത്ത രേഖയിലൂടെയുള്ള ഫെര്‍ണാണ്ടസിന്റെ സഞ്ചാരം പ്രേക്ഷകനെ പിടിച്ചിരുത്തും. എടുത്തു പറയേണ്ട മറ്റൊരു പ്രകടനം രമ്യാ കൃഷ്ണന്റേതാണ്. ഒരു The-first-look-poster-of-Appavum-Veenjum-has-been-released.വാക്കുകൊണ്ടു പോലും പറയാതെ, ആ വാക്കുകള്‍ക്കപ്പുറത്തെ ഹൃദയഭാവങ്ങള്‍ ഈ നടി പ്രേക്ഷകരുടെ മനസ്സിലേക്ക് ഒരു ഹോണ്ടിംഗ് ആയി അനുഭവിപ്പിക്കുന്നുണ്ട്. ഏറെക്കാലത്തിനുശേഷം അവര്‍ മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവാണ് ഈ ചിത്രത്തിലൂടെ നടത്തിയിരിക്കുന്നത്. അനുഭവിക്കുന്ന വിരഹവും ജീവിതത്തോടുണ്ടാകുന്ന പ്രണയവും ആസക്തിയുമെല്ലാം രമ്യാകൃഷ്ണന്‍ തന്റെ ഭാവാഭിനയത്തിലൂടെ വിനിമയം ചെയ്യുന്നു.
സംഗീതം സിനിമയില്‍ ആദ്യന്തം ഒരു കഥാപാത്രമെന്നപോലെ നിറഞ്ഞു നില്ക്കുന്നു. പ്രണയത്തിനും വിരഹത്തിനുമെല്ലാം അനുയോജ്യമായ സംഗീതം സന്ദര്‍ഭത്തിനനുസരിച്ച് ഉപയോഗിച്ചിരിക്കുന്നു. ഔസേപ്പച്ചനാണ് സംഗീത സംവിധാനം. ബാന്‍ഡ് മ്യൂസിക്കിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും ധാരാളിത്തത്തിനു നടുവില്‍ കരിനീലക്കണ്ണുള്ള പെണ്ണേ നിന്റെ കവിളത്തു ഞാനൊന്നു നുള്ളി എന്ന കഴിഞ്ഞകാല ഹിറ്റായ ലളിതഗാനം ഹൃദയഹാരിയായ ചില നല്ല ഈണവും ഭാവവും കൂടി ചേര്‍ത്ത് ഔസേപ്പച്ചന്‍ ഒരുക്കിയത് നല്ല ഒരനുഭവമായി. ആ ഗാനത്തിന്റെ ചിത്രീകരണവും മികച്ചതായി.
ഹൈറേഞ്ചിന്റെ പ്രകൃതി ഭംഗിയുടെയും പാറക്കെട്ടുകളുടെയും പച്ചപ്പിന്റെയും പശ്ചാത്തലത്തില്‍ മഞ്ഞും ഇരുളും വെളിച്ചക്കീറുമെല്ലാം ചേര്‍ത്തുവച്ച് മനോഹരമായാണ് വേണുഗോപാലിന്റെ ക്യാമറക്കണ്ണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. എം.ടി.എം. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷൈന്‍ മുണ്ടയ്ക്കല്‍, ബെന്നി മേടക്കല്‍, സാബു തോട്ടുപുറം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ആര്‍പ്പു വിളികളും ആഘോഷങ്ങളും മാത്രമല്ലല്ലോ സിനിമ. അങ്ങിനെയുള്ള സിനിമകള്‍ ധാരാളമായുണ്ട്. പുതു തലമുറ പ്രേക്ഷകരുടെ അഭിരുചികളെ ഈ സിനിമ എത്രമാത്രം അഭിസംബോധന ചെയ്യുന്നുണ്ടെന്നുള്ളതാണ് വെല്ലുവിളിയായേക്കാവുന്ന ഒരേയൊരു ഘടകം. കുടുംബജീവിതം ഒട്ടേറെ കരുതലുകള്‍ ആവശ്യപ്പെടുന്ന ഒന്നാണ് എന്ന സന്ദേശം നല്കുന്ന ഈ സിനിമ തീര്‍ച്ചയായും പ്രോത്സാഹനം അര്‍ഹിക്കുന്നുണ്ട്.

കെ.ജയചന്ദ്രന്‍

content courtesy: http://cinemapathram.com/
prp

Leave a Reply

*