ന്യൂഡല്ഹി: രാജ്യത്ത് മൂന്ന് കോവിഡ് വാക്സിനുകള് പരീക്ഷണ ഘട്ടത്തിലാണെന്നും ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാലുടന് ആഴ്ചകള്ക്കുള്ളില് വാക്സിനേഷന് നല്കാന് തുടങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോഗ്യപ്രവര്ത്തകര്, പ്രായമയവര് എന്നിവര്ക്കാണ് വാക്സിന് ആദ്യം നല്കുകയെന്ന് പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന് വിളിച്ചുചേര്ത്ത സര്വകക്ഷിയോഗത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരക്ഷിതമായ വില കുറഞ്ഞ വാക്സിന് വൈകാതെ തന്നെ രാജ്യത്ത് ലഭ്യമാക്കും. വിലകുറഞ്ഞതും സുരക്ഷിതവുമായ വാക്സിന് ലഭിക്കാന് ലോകം കാത്തിരിക്കുകയാണ്. അതുകൊണ്ടാണ് ലോകം ഇന്ത്യയെ നിരീക്ഷിക്കുന്നത്. കാത്തിരിപ്പ് നീളില്ലെന്നും ഇന്ത്യയിലെ ശാസ്ത്രജ്ഞര്ക്ക് നല്ല ആത്മവിശ്വാസമുണ്ടെന്നും മോദി പറഞ്ഞു.
കോവിഡ് വാക്സിന് ആദ്യമായി ലഭിക്കുന്നത് മുന്നിര ആരോഗ്യ പ്രവര്ത്തകര്, പ്രായമായവര്, ഗുരുതര രോഗങ്ങളുള്ളവര് എന്നിവര്ക്കായിരിക്കും. വാക്സിന്റെ വില സംബന്ധിച്ച് കേന്ദ്രം സംസ്ഥാന സര്ക്കാരുകളുമായി ചര്ച്ച നടത്തുന്നുണ്ട്. പൊതുജനാരോഗ്യത്തെ മുന്നിര്ത്തിയാവും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

