തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കും കുതിരാന്‍ രണ്ടാം ടണലിന്റെ നിര്‍മ്മാണം വേഗത്തിലാകും

തൃശൂര്‍: തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിപ്പിച്ച്‌ കുതിരാന്‍ രണ്ടാം ടണലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ നടപടികള്‍ തുടങ്ങി. ഒന്നാം ടണലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി രണ്ടാം ടണലിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് കരാറുകാരും സര്‍ക്കാരും പറഞ്ഞിരുന്നെങ്കിലും പിന്നീട് മെല്ലെ പോക്കായിരുന്നു. നാമമാത്രമായ തൊഴിലാളികള്‍ മാത്രമാണ് ഉണ്ടയിരുന്നത്. കൂടാതെ സാമ്ബത്തിക പ്രതിസന്ധികളും പ്രവര്‍ത്തനത്തെ ബാധിച്ച്‌ തുടങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തൊഴിലാളികളുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ദ്ധന വേണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ ഘട്ടം ഘട്ടമായി തൊഴിലാളികളെ കൂട്ടാനാണ് കാരാറുകാര്‍ ശ്രമം നടത്തുന്നത്. ആദ്യ ടണലിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ മുന്നൂറോളം പേരാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ആഴ്ച്ച 22 തൊഴിലാളികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇത് 80 ആക്കണമെന്നാണ് നിര്‍ദ്ദേശം.

ഇന്ന് മുതല്‍ തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. ടണലിന് മുകളിലെ കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയായി കഴിഞ്ഞു. ഡിസംബര്‍ അവസാനത്തോടെ ടണലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെങ്കിലും അപ്രോച്ച്‌ റോഡ് നിര്‍മ്മാണം പൂര്‍ത്തിയായി സഞ്ചാരയോഗ്യമാക്കണമെങ്കില്‍ മാര്‍ച്ച്‌, ഏപ്രില്‍ മാസമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിര്‍മ്മാണം സംബന്ധിച്ച്‌ എല്ലാ ദിവസവും ഉദ്യോഗസ്ഥതല വിലയിരുത്തലുകളും മൂന്നാഴ്ച്ച കൂടുമ്ബോള്‍ മന്ത്രിതല അവലോകനവും നടത്തും.

ഒന്നാം ടണല്‍ തുറന്നതോടെ ദേശീയ പാതയിലെ കുരുക്കിന് ഒരു പരിധിവരെ ശമനമായിട്ടുണ്ട്. അതിനിടെ ദേശീയ പാതയിലെ കുഴികളാണ് ചിലയിടങ്ങളില്‍ കുരുക്കിന് വഴിവെയ്ക്കുന്നത്. ഒന്നാം ടണലിന്റെ അപ്രോച്ച്‌ റോഡ് തുറന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തകര്‍ന്നിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണികള്‍ അവസാനഘട്ടത്തിലാണ്.

prp

Leave a Reply

*