കൊച്ചി: വരാപ്പുഴ പൊലീസിന്റെ കസ്റ്റഡിയിലിരിക്കേ ശ്രീജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ പ്രദീപ് കുമാര്‍ അറസ്റ്റില്‍. പറവൂര്‍ മുന്‍ സി.ഐ ക്രിസ്പിന് സാമിന്റെ ഡ്രൈവറായിരുന്ന ഇയാള്‍ സി.ഐയ്ക്ക് കൊടുക്കാനെന്ന വ്യാജേനയാണ് പണം വാങ്ങിയത്.
എന്നാല്‍ ശ്രീജിത്ത് കൊല്ലപ്പെട്ടതോടെ ഈ പണം തിരികെ നല്കി. എന്നാല്‍ സംഭവം മാദ്ധ്യമങ്ങളില്‍ വാര്‍ത്ത ആയതോടെ കേസെടുത്ത പൊലീസ് ഇയാളെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. സമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്ത പ്രദീപിനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
ഏപ്രില്‍ ആറിന് രാത്രി പത്തരയ്ക്കാണ് ആലുവ റൂറല്‍ പൊലീസ് മേധാവിയായിരുന്ന എ.വി. ജോര്‍ജിന്റെ നിയന്ത്രണത്തിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്സ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. പിറ്റേദിവസം രാവിലെ ബന്ധുക്കള്‍ സ്റ്റേഷനിലെത്തിയപ്പോള്‍ അസഹ്യമായ വയറുവേദനയാല്‍ ശ്രീജിത്ത് പുളയുകയാണ്. ആശുപത്രിയിലെത്തിക്കാന്‍ എന്തു ചെയ്യുമെന്ന് ബന്ധുക്കള്‍ ചര്‍ച്ച നടത്തിയപ്പോഴാണ് ഇവരുടെ സുഹൃത്ത് സി.ഐയുടെ ഡ്രൈവര്‍ക്ക് പണം നല്കിയാല് കാര്യങ്ങള്‍ നടക്കുമെന്ന് അറിയിച്ചത്. 25,000 രൂപയാണ് സുഹൃത്ത് ആവശ്യപ്പെട്ടത്. ബന്ധുക്കള്‍ 15,000 രൂപ നല്കി.
പണം പറവൂരിലുള്ള പ്രദീപിന്റെ ബന്ധുവായ ഇടനിലക്കാരന് കൈമാറുകയായിരുന്നു. മര്‍ദ്ദനത്താല്‍ ക്ഷീണിതനായ ശ്രീജിത്തിനെ പുലര്‍ച്ചെ പൊലീസ് ആശുപത്രിയിലെത്തിച്ചു. അടുത്തദിവസം മരിക്കുകയും ചെയ്തു. അതിനാല്‍ ഡ്രൈവര്‍ പ്രദീപിന് ഒരു തരത്തിലും വിഷയത്തില്‍ ഇടപെടാന്‍ കഴിഞ്ഞില്ല. ഇതോടെ പണം വാങ്ങിയ സുഹൃത്ത് ശ്രീജിത്തിന്റെ ഒരു ബന്ധുവിന്റെ വീട്ടിലെത്തി പണം തിരികെ നല്‍കുകയായിരുന്നു.
