കല്പറ്റ: വൈത്തിരി ലക്കിടിക്കു സമീപം ഉപവന്‍ റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറിയ മാവോയിസ്റ്റുകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മുഖം മൂടി ധരിച്ചുള്ള മാവോയിസ്റ്റുകളുടെ ചിത്രങ്ങളാണു പുറത്തുവന്നിരിക്കുന്നത്.
ഇതില്‍ ഒരാള്‍ വെടിയേറ്റു മരിച്ച സി.പി. ജലീലാണെന്നു വ്യക്തമായിട്ടുണ്ട്. ഒരാളുടെ കയ്യില്‍ തോക്കും ബാഗുമുണ്ട് എന്ന് വ്യക്തമായി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. തിരച്ചിലിനും മറ്റുമായി ലക്കിടിയിലേക്ക് കൂടുതല്‍ പൊലീസ് സംഘമെത്തി. കണ്ണൂര്‍ റെയ്ഞ്ച് ഐജിയും സ്ഥലത്തുണ്ട്. റിസോര്‍ട്ടും പരിസര പ്രദേശങ്ങളും പൂര്‍ണമായും പൊലീസ് വലയത്തിലാണ്.
ബുധനാഴ്ച രാത്രി എട്ടരയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ വ്യാഴാഴ്ച പുലര്‍ച്ചെ വരെ നീണ്ടു. രാവിലെ നടത്തിയ തിരച്ചിലിലാണ് റിസോര്‍ട്ടിനു സമീപം കമിഴ്ന്നുകിടക്കുന്ന നിലയില്‍ മാവോയിസ്റ്റ് സംഘാംഗത്തിന്റെ മൃതദേഹം കണ്ടെത്തിയത്.ഏറ്റുമുട്ടലില്‍ രണ്ടു പൊലീസുകാര്‍ക്കു പരുക്കേറ്റതായും വിവരമുണ്ട്.
റിസോര്‍ട്ടിനു പുറത്തും അകത്തും തണ്ടര്‍ബോള്‍ട്ട് സംഘാംഗങ്ങള്‍ കയറിയാണ് ഏറ്റുമുട്ടല്‍ നടത്തിയത്. ബഹളത്തിനിടെ മാവോയിസ്റ്റ് സംഘത്തിലെ ചിലര്‍ സമീപത്തെ കാട്ടിലേക്കു കടന്നുവെന്ന വിവരത്തെത്തുടര്‍ന്ന് അവിടെയും തിരച്ചില്‍ നടത്തി.

