
മാനന്തവാടി: മാനന്തവാടി മേരിമാതാ കോളേജില്‍ വെച്ചു നടന്ന പരിപാടിയില്‍ നടന്‍ ടൊവിനോ തോമസ് വിദ്യാര്‍ത്ഥിനിയെ സ്റ്റേജിലേക്ക് ക്ഷണിച്ചു വരുത്തി അധിക്ഷേപിച്ചു എന്ന ആരോപണം ഉയര്‍ത്തി കെ.എസ്.യു രംഗത്തുവന്നിരുന്നു. ഈ സംഭവത്തെ കുറിച്ചുള്ള വാര്‍ത്തകളും വീഡിയോയും പുറത്തുവന്നതോടെ ടൊവിനോയുടെ അഹങ്കാരം എന്നു പറഞ്ഞു ചിലരും രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലൂടെയാണ് അധിക്ഷേപങ്ങള്‍ കൂടുതലും എത്തിയത്. എന്നാല്‍ ഇങ്ങനെ വിമര്‍ശനം ശക്തമായതോടെ എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ച് ടൊവിനോയുടെ അടുപ്പക്കാരും രംഗത്തെത്തി. നടന്‍ മുന്‍പേ ഏറ്റ പരിപാടി ആയിരുന്നില്ല അതെന്നും പറയുന്ന വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കാതെ കൂവിയതു കൊണ്ടുമാണ് വിദ്യാര്‍ത്ഥിയെ വിളിച്ചു വരുത്തി കൂവിച്ചതെന്നുമാണ് നടന്റെ മാനേജര്‍ ഹരികൃഷ്ണന്‍ പ്രതികരിച്ചത്.
തുടര്‍ച്ചയായി കൂവി സംസാരം തടസപ്പെടുത്തിയപ്പോഴാണ് അഖില്‍ ജോര്‍ജ് എന്ന വിദ്യാര്‍ത്ഥിയെ വേദിയിലേക്ക് വിളിച്ചുവരുത്തി മൈക്കില്‍ കൂവിക്കോളൂ എന്ന് ടൊവിനോ തോമസ് പറഞ്ഞതെന്നാണ് ഹരികൃഷ്ണന്‍ വ്യക്തമാക്കിയത്. ദ ക്യു ഓണ്‍ലൈനിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. മാനന്തവാടി മേരി മാതാ കോളജ് വേദിയിലെ സംഭവങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ പ്ലാന്‍ ചെയ്ത പ്രോഗ്രാം ആയിരുന്നില്ല എന്നറിഞ്ഞിട്ടും അദ്ദേഹം പങ്കെടുത്തത് ചടങ്ങിന്റെ പ്രാധാന്യം മനസ്സിലാക്കി കൊണ്ടായിരുന്നു. ഇതിനിടെയാണ് അവഹേളിക്കും വിധത്തില്‍ പെരുമാറിയതെന്ന് നടനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
പരിപാടിക്ക് നടന്‍ എത്തുമെന്ന് അറിഞ്ഞപ്പോള്‍ തന്നെ വിദ്യാര്‍ത്ഥികള്‍ ആവേശഭരിതരായിരുന്നു. കൈയടികളോടെയാണ് നടനെ സ്വീകരിച്ചതും. ചടങ്ങില്‍ പ്രതിജ്ഞയെടുക്കലൊക്കെ ഭംഗിയായി കഴിഞ്ഞു. ടൊവി സംസാരിച്ചു തുടങ്ങിയതോടെയാണ് ഒരു സംഘം ആര്‍ത്തുവിളിച്ചു കൊണ്ട് ഒച്ചപ്പാടുണ്ടാക്കിയത്. കൂവലിനൊപ്പം അധിക്ഷേപിക്കലുമുണ്ടായതായി ഹരികൃഷ്ണന്‍ പറയുന്നു. ആദ്യം താന്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ അതാകും പ്രശ്‌നം എന്നാണ് ആദ്യം കരുതിയത്. താന്‍ സംസാരിക്കുന്നത് കേള്‍ക്കുന്നില്ലേ എന്നു ചോദിക്കുകയും ചെയ്തിരുന്നു.
കേള്‍ക്കുന്നുണ്ടെന്നാണ് അവര്‍ പറഞ്ഞത്. എന്നിട്ടും കൂവലും അധിക്ഷേപങ്ങളും തുടര്‍ന്നപ്പോഴാണ് വിദ്യാര്‍ത്ഥിയെ വിളിച്ച് സദസ്സില്‍ നിന്ന് കൂവണ്ട, വേദിയിലെത്തി കൂവിക്കോയെന്ന് പറഞ്ഞത്. ഷൂട്ടിനിടയില്‍ സമയം കണ്ടെത്തി സ്‌കൂളിലെത്തി ഇത്രയും പ്രാധാന്യമേറിയ കാര്യം ഗൗരവത്തോടെ സംസാരിക്കുമ്ബോള്‍ അത് തുടര്‍ച്ചയായി തടസപ്പെടുത്തിയപ്പോഴാണ് അങ്ങനെ ചെയ്തത്. ഏവരും ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകേണ്ടതിന്റെ അനിവാര്യതെയെക്കുറിച്ചാണ് ടൊവിനോ സംസാരിച്ചത്. സംഭവം നടനെ ഇന്‍സള്‍ട്ട് ചെയ്യുന്നതായിരുന്നു. വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള ഇതിനെല്ലാം സാക്ഷിയാണ്.
സംഭവം വാര്‍ത്തയായപ്പോള്‍ കോളജിലെത്തി വിദ്യാര്‍ത്ഥിയെ കണ്ടിരുന്നു. അവന് പരാതിയില്ലെന്നും ഹരികൃഷ്ണന്‍ വ്യക്തമക്കി. പ്രിന്‍സിപ്പാളിനെയും കണ്ടിരുന്നു. സാധാരണ സംഭവമായേ സ്‌കൂള്‍ അധികൃതര്‍ ഇത് എടുത്തിട്ടുള്ളൂ. ടൊവിനോ പരസ്യമായി മാപ്പ് പറയണമെന്നാണ് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പറയുന്നചില രാഷ്ട്രീയ താല്‍പ്പര്യം കൊണ്ടാണ് എന്നാണ് സൂചന.
കഴിഞ്ഞയാഴ്ച വയനാട്ടില്‍ വച്ച് ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയുടെ പ്രകാശനം നിര്‍വഹിച്ചത് ടൊവിനോ തോമസ് ആയിരുന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസിന് നല്‍കിയായിരുന്നു പ്രകാശനം. തനിക്ക് പ്രത്യേക രാഷ്ട്രീയമില്ലെന്നും ഇടതുപക്ഷത്തോടാണ് ആഭിമുഖ്യമെന്നും നടന്‍ ഈ വേദിയില്‍ പറഞ്ഞിരുന്നു. അതിനാലാണ് കെഎസ്‌യു വിഷയത്തില്‍ ഇടങ്കോലിട്ട് രംഗത്തുവന്നതെന്നാണ് സൂചന.
അതേസമയം വിദ്യര്‍ത്ഥിയെ നിര്‍ബന്ധിച്ച് കൂവിച്ച നടന്‍ ടൊവിനോ തോമസിനെതിരെ സോഷ്യല്‍ മീഡിയാ വിമര്‍ശനവും കടുക്കുന്നുണ്ട്. പ്രിവിലേജ് വെച്ചുള്ള ഹുങ്ക് കാണിച്ചാല്‍ അത് ചോദ്യം ചെയ്യപ്പെടണമെന്നും പരസ്യമായി അപമാനിതനായ വിദ്യാര്‍ത്ഥിയോട് മാപ്പ് പറയണമെന്നും സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയം ശക്തമായൊരു കലാലയത്തിലായിരുന്നെങ്കില്‍ ഇങ്ങനെയൊരു സംഭവം നടക്കില്ലായിരുന്നെന്നും പലരും ചൂണ്ടികാട്ടുന്നു. നടന്‍ ടൊവിനോ തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു ഇന്നലത്തന്നെ രംഗത്തെത്തിയിരുന്നു.
ടോവിനോ ഉദ്ഘാടന പ്രസംഗം നടത്തിക്കൊണ്ടിരിക്കെ ഒരു വിദ്യാര്‍ത്ഥി സദസില്‍ നിന്നും കൂവി. ഈ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തിയ നടന്‍ മൈക്കിലൂടെ കൂവാന്‍ ആവശ്യപ്പെടുകയായിരുന്നു. ആദ്യം വിസമ്മതിച്ച കുട്ടി സമ്മര്‍ദ്ദം ഏറിയപ്പോള്‍ ഒരു പ്രാവശ്യം കൂവി. അത് പോരാതെ നാല് പ്രാവശ്യം കൂവിപ്പിച്ചാണ് കുട്ടിയെ സ്റ്റേജില്‍ നിന്നും പോകാന്‍ അനുവദിച്ചത്. കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തില്‍ ജില്ലാ ഭരണകൂടമാണ് പരിപാടി സംഘടിപ്പിച്ചത്.
