ന്യൂഡല്‍ഹി: ചോദ്യം ചോദിച്ച മാദ്ധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ തമിഴ്നാട് ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിത് വീണ്ടും വിവാദത്തില്‍. ഉയര്‍ന്ന മാര്‍ക്കും ബിരുദവും വാഗ്‌ദാനം ചെയ്‌ത് വിദ്യാര്‍ത്ഥിനികളെ വനിതാ പ്രൊഫസര്‍ ലൈംഗിക വേഴ്‌ചയ്‌ക്ക് പ്രേരിപ്പിച്ച സംഭവത്തില്‍ ഗവര്‍ണറുടെ പേര് പരാമര്‍ശിച്ചതിന് പിന്നാലെയാണ് പുതിയ വിവാദം. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിന് ഒടുവിലായിരുന്നു സംഭവം.
ദി വീക്ക് പത്രത്തിലെ റിപ്പോര്‍ട്ടറായ ലക്ഷ്മി സുബ്രമഹ്ണ്യത്തിനാണ് ഈ ദുരനുഭവമുണ്ടായത്. തുടര്‍ന്ന് ബന്‍വരിലാലിന്‍റെ പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് ലക്ഷ്‌മി ട്വീറ്റ് ചെയ്തു.
”പത്രസമ്മേളനത്തിനൊടുവില്‍ ഞാന്‍ അദ്ദേഹത്തിനോട് ചോദ്യം ചോദിച്ചു. എന്നാല്‍ എന്റെ സമ്മതം കൂടാതെ മറുപടിയായി ഗവര്‍ണര്‍ എന്‍റെ കവിളില്‍ പിടിക്കുകയായിരുന്നു. ആ സംഭവത്തിന് ശേഷം ഞാന്‍ പലതവണ മുഖം കഴുകി. ഇതുവരെ അതില്‍ നിന്നും മോചിതയാകാന്‍ കഴിഞ്ഞിട്ടില്ല. ഒരുപാട് മനോവിഷമവും ദേഷ്യവും തോന്നുന്നുണ്ട് മിസ്റ്റര്‍ ബന്‍വരിലാല്‍. നിങ്ങള്‍ക്ക് അഭിനന്ദിക്കുന്നതിന്റെ ഭാഗമായോ മുത്തശ്ശന്‍റെ പെരുമാറ്റമോ ആവാം ഇത്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം വലിയ തെറ്റാണ്”- ലക്ഷ്‌മി ട്വിറ്ററില്‍ കുറിച്ചു.


