മകന്‍റെ ചികിത്സയ്ക്ക് ലഭിച്ച സഹായങ്ങള്‍ പൊന്നമ്മ ബാബുവിന്‍റെ ഇടപെടലോടെ അവസാനിച്ചു: സേതുലക്ഷ്മി

കൊച്ചി: മകന്‍റെ രോഗവുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ചു കൊണ്ടിരുന്ന സഹായങ്ങള്‍ പൊന്നമ്മ ബാബുവിന്‍റെ ഇടപെടലോടെ അവസാനിച്ചതായി നടി സേതുലക്ഷ്മി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സേതുലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തിയത്. പൊന്നമ്മ ബാബു പ്രശ്നം ഏറ്റെടുത്തതോടെ എല്ലാം ശരിയായെന്നാണ് ചിലര്‍ കരുതിയത്. എന്നാല്‍ അതോടുകൂടി തനിക്ക് ലഭിച്ചു കൊണ്ടിരുന്ന സഹായങ്ങള്‍ നിലയ്ക്കുകയായിരുന്നുവെന്ന് സേതുലക്ഷ്മി പറയുന്നു.

മകന്‍ കിഷോറിന്‍റെ രണ്ട് കിഡ്നിയും തകരാറിലായതിനെ തുടര്‍ന്നാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ ഫേസ്ബുക്ക് പേജിലൂടെ സഹായാഭ്യര്‍ത്ഥനയുമായി സേതുലക്ഷ്മി രംഗത്ത് എത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരായിരുന്നു നടിക്കും മകനും സഹായമേകിയത്.

ഇതിനിടെ സേതുലക്ഷ്മിയുടെ മകന് വേണ്ടി തന്‍റെ വൃക്ക നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച്‌ നടി പൊന്നമ്മ ബാബു രംഗത്തെത്തി. പൊന്നമ്മ ബാബുവിന്‍റെ നല്ല മനസിനെ ഇതോടെ എല്ലാവരും വാഴ്ത്തിപ്പാടുകയും ചെയ്തു. രണ്ട് വൃക്കകളും തകരാറിലായ മകന്‍റെ ചികിത്സാചിലവുകള്‍ താങ്ങാനാകാതെ വന്നതോടെയാണ് സേതു ലക്ഷ്മി സഹായം അഭ്യര്‍ത്ഥിച്ചത്. പത്തുവര്‍ഷത്തിലേറെയായി രോഗബാധിതനായ മകന്‍റെ ഒരു കിഡിനി ഉടനെ മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും അവര്‍ പറഞ്ഞിരുന്നു.

സാമ്പത്തിക സഹായത്തിന് പുറമേ കിഷോറിന് വൃക്കദാനം ചെയ്യാന്‍ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു നടി പൊന്നമ്മ ബാബു. സേതുലക്ഷ്മി തന്നെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. ”ഇനിയും നിങ്ങടെ കണ്ണീര് കണ്ട് നില്‍ക്കാന്‍ എനിക്ക് ത്രാണിയില്ല. നമ്മളൊക്കെ കൂടപ്പിറപ്പുകളല്ലേ ചേച്ചീ. കിഷോറിന് ഞാനെന്‍റെ കിഡ്‌നി നല്‍കും. എന്‍റെ വൃക്ക അവന്‍ സ്വീകരിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നെനിക്കറിയില്ല. എനിക്കും വയസായില്ലേ ഡോക്ടര്‍മാരോട് ചോദിക്കണം, വിവരം പറയണം, ഞാന്‍ വരാം” എന്നായിരുന്നു പൊന്നമ്മ ബാബു സേതുലക്ഷ്മിയെ അറിയിച്ചത്.

എന്നാല്‍ പൊന്നമ്മയുടെ വൃക്ക എടുക്കാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പൊന്നമ്മ ബാബുവിന്‍റെ ഇടപെടലോടെ തനിക്ക് ലഭിച്ച്‌ കൊണ്ടിരുന്ന സഹായങ്ങള്‍ ഇല്ലാതായെന്നാണ് സേതുലക്ഷ്മി ഇപ്പോള്‍ പറയുന്നത്. തന്‍റെ അഭ്യര്‍ത്ഥന കേട്ട് നിരവധി പേര്‍ സഹായിച്ചിരുന്നു. അമേരിക്കയില്‍ നിന്നുള്ള ഒരാള്‍ മകന്‍റെ ചികിത്സാ ചെലവ് മുഴുവന്‍ ഏറ്റെടുക്കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പൊന്നമ്മ ബാബു ഇടപെട്ടതോടെ അതും പോയി. മകന് കിഡ്‌നി നല്‍കാന്‍ കുറേ പേര്‍ തയ്യാറായിരുന്നെങ്കിലും പൊന്നമ്മ ബാബു പറഞ്ഞത് മാത്രം വാര്‍ത്തയായി സേതുലക്ഷ്മി പറഞ്ഞു.

prp

Related posts

Leave a Reply

*