ദുബൈ: അതിവേഗമാണ് യു.എ.ഇയുടെ സ്റ്റൈല്‍. ഭൂമിയില്‍ മാത്രമല്ല, ബഹിരാകാശ യാത്രയിലും ഈ അതിവേഗം പ്രകടമാണ്. ചാന്ദ്രപര്യവേക്ഷണ പേടകമായ ‘റാശിദി’െന്റ യാത്ര 2024ലാണ് നിശ്ചയിച്ചിരുന്നതെങ്കിലും അത്രയേറെ കാത്തിരിക്കേണ്ടെന്നാണ് യു.എ.ഇയുടെ തീരുമാനം. അടുത്ത വര്‍ഷം തന്നെ ‘റാശിദ്’ കുതിച്ചുയരുമെന്ന് എമിറേറ്റ്സ് ലൂണാര്‍ മിഷന് പ്രോജക്ട് മാനേജര്‍ ഡോ. ഹമദ് അല്‍ മര്‍സൂഖി അറിയിച്ചു. എന്നാല്‍, വിക്ഷേപണ കേന്ദ്രമോ കൃത്യമായ തീയതിയോ വ്യക്തമാക്കിയിട്ടില്ല.
‘റാശിദ്’ പ്രോട്ടോടൈപ്പിെന്റ നിര്‍മാണം 50 ശതമാനം പൂര്‍ത്തിയായി. ഈ വേനല്‍കാലത്ത് ഇതിെന്റ പരീക്ഷണം നടക്കും. സെപ്റ്റംബര്‍-മാര്‍ച്ച് കാലയളവില്‍ പരീക്ഷണവും നിര്‍മാണവും പൂര്‍ത്തിയാക്കും. 2023ല്‍ പരീക്ഷണം പൂര്‍ത്തിയാക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. മറ്റ് ചന്ദ്രപേടകങ്ങളെ അപേക്ഷിച്ച് ഉയരത്തിലും ഭാരത്തിലും കുഞ്ഞനാണ് റാശിദ്. ചന്ദ്രനില്‍ ഇതുവരെ ആരുമെത്താത്ത സ്ഥലങ്ങളില്‍ കറങ്ങി രഹസ്യങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. യു.എസ്, സോവിയറ്റ് യൂനിയന്‍, ചൈന എന്നിവയ്ക്കു പിന്നാലെയാണ് യു.എ.ഇ ചന്ദ്രനില്‍ റോവര്‍ ഇറക്കുന്നത്. ഇന്ത്യയുടെ ചന്ദ്രയാന്‍ 2 പദ്ധതി വിജയിച്ചെങ്കിലും റോവറിന് ദൗത്യം നിറവേറ്റാനായില്ല.
10 കിലോ ഭാരവും 80 സെന്റീമീറ്റര്‍ ഉയരവുമുണ്ട് റാശിദിന്. നീളവും വീതിയും 50 സെന്റീമീറ്റര്‍ വീതം. അറബ് ലോകത്ത് നിന്ന് ആദ്യമായി ചൊവ്വദൗത്യം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ചന്ദ്രനെ ലക്ഷ്യമിട്ട് യു.എ.ഇ കുതിക്കുന്നത്. ബഹിരാകാശത്തേക്കുള്ള ആദ്യ വനിത യാത്രികയെയും യു.എ.ഇ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മുഹമ്മദ് അല്‍ മുല്ലക്കൊപ്പം നൂറ അല്‍ മത്രൂശിയാണ് ബഹിരാകാശ പര്യവേഷണത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.

