നിപ ആശങ്ക ഒഴിയുന്നു; ഐസൊലേഷൻ വാർഡിലുണ്ടായിരുന്ന ഏഴാമത്തെയാളുടെ സാമ്പിളും നെഗറ്റീവ്

കൊച്ചി: കൊച്ചിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥിക്കൊഴികെ ആർക്കും നിപ്പ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി. ഐസൊലേഷൻ വാർഡിലുണ്ടായിരുന്ന ഏഴാമത്തെയാളുടെ സാമ്പിളും നെഗറ്റീവ് ആയിരുന്നു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തേണ്ട പരിശോധന കൊച്ചിയിൽ ചെയ്യാൻ താൽക്കാലിക സംവിധാനം ഏർപ്പെടുത്തിയതായും ആരോഗ്യ സെക്രട്ടറി കൂട്ടിച്ചേർത്തു.

പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തിൽ എറണാകുളത്ത് സ്ഥാപിച്ച താൽക്കാലിക ലാബിലാണ് ഐസൊലേഷൻ വാർഡിലുണ്ടായിരുന്ന വ്യക്തിയുടെ സാമ്പിൾ പരിശോധിച്ചത്. ഇതിന്‍റെ ഫലമാണ് നെഗറ്റീവെന്ന് കണ്ടെത്തിയത്. ഇതോടെ ചികിത്സയിലുള്ള വിദ്യാർത്ഥിയൊഴികെ ആർക്കും നിപ്പയില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടു. തൃശ്ശൂർ, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളും നിപ്പയല്ലെന്ന് വ്യക്തമായതായി ആരോഗ്യ സെക്രട്ടറി പറഞ്ഞു.

സംസ്ഥാനത്താകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 318 ആയെന്നും ഇതിൽ 41 പേരുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തുന്നതായും ആരോഗ്യ സെക്രട്ടറി രാജൻ ഖോബ്രഗഡെ വ്യക്തമാക്കി. നിപ്പ ബാധ സ്ഥിരീകരിക്കുന്നതിനുള്ള താൽക്കാലിക ലാബ് എറണാകുളത്ത് പൂർണ്ണ സജ്ജമാണെന്നും രോഗനിർണ്ണയത്തിന് ഇത് ഏറെ സഹായകരമാകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വരും ദിവസങ്ങളിൽ രോഗത്തിന്‍റെ ഉറവിടം കണ്ടെത്തുന്നതിനുള്ള ശ്രമം തുടരും. നിപ്പ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിൽ കേന്ദ്ര സംഘത്തിന്‍റെ നേതൃത്വത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ തുടരുമെന്ന് ആരോഗ്യ വ്യക്തമാക്കി.

prp

Leave a Reply

*