
കാഠ്മണ്ഡു: രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളായ കാലാപാനി, ലിംപിയാധുര, ലിപുലേഖ് തുടങ്ങിയ പ്രദേശങ്ങള്‍ ഇന്ത്യയില്‍ നിന്ന് തിരികെ പിടിക്കുമെന്ന് നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ശര്‍മ്മ ഒലി.
തങ്ങള്‍ അധികാരത്തില്‍ തിരികെ എത്തിയാല്‍ ഈ സ്ഥലങ്ങള്‍ ഇന്ത്യയില്‍ നിന്ന് ഈ സ്ഥലങ്ങള്‍ തിരിച്ചു പിടിക്കുമെന്നാണ് ശര്‍മ്മ ഒലി പറഞ്ഞത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളിന്റെ (സിപിഎന്‍-യുഎംഎല്‍) സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയാല്‍ തങ്ങളിലൂടെ നേപ്പാളിന്റെ ആഗ്രഹം സഫലമാകുമെന്നും അദ്ദേഹം പറഞ്ഞു. ‘ നേപ്പാളിന്റെ കയ്യില്‍ നിന്ന് പോയ അതിര്‍ത്തി പ്രദേശങ്ങളായ ലിംപിയാധുര, കാലാപാനി, ലിപുലേഖ് തുടങ്ങിയ പ്രദേശങ്ങള്‍ ഇന്ത്യയുമായി നിരന്തര ചര്‍ച്ച നടത്തി തിരിച്ചു പിടിക്കും. ചര്‍ച്ചകളിലൂടെയായിരിക്കും ഞങ്ങള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത്. അയല്‍രാജ്യങ്ങളുമായി ശത്രുതയ്‌ക്ക് താത്പര്യമില്ലെന്നും’ അദ്ദേഹം വ്യക്തമാക്കി.
കാലാപ്പാനി തങ്ങളുടെ അധീനതിയലുള്ള പ്രദേശമാണെന്ന് നേപ്പാള്‍ പലതവണ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ പിത്തോരാഖര്‍ ജില്ലയുടെ ഭാഗമാണ് കാലാപാനി. എന്നാല്‍ നേപ്പാളിലെ ധര്‍ചുല ജില്ലയുടെ ഭാഗമാണ് കാലാപാനി എന്നാണ് നേപ്പാളിന്റെ വാദം. നേരത്തെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ ഇന്ത്യ നിര്‍മ്മിച്ച റോഡിനെതിരേയും നേപ്പാള്‍ രംഗത്ത് വന്നിരുന്നു.
ലിപുലേഖ് പാസിനെ ധര്‍ചുലയുമായി ബന്ധിപ്പിക്കുന്ന 80 കിലോമീറ്റര്‍ നീളമുള്ള റോഡിനെതിരെയാണ് നേപ്പാള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പാത തങ്ങളുടെ അതിര്‍ത്തിക്കുള്ളിലൂടെ കടന്നു പോകുന്നുവെന്നായിരുന്നു നേപ്പാളിന്റെ വാദം. ഇതിന് പിന്നാലെ ലിപുലേഖ്, കാലാപാനി, ലിംപിയാധുര തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ ഭൂപടം പുറത്തിറക്കി. നീക്കത്തിനെതിരെ രൂക്ഷവിമര്‍സനവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. തങ്ങളുടെ പ്രദേശങ്ങള്‍ കൈവശപ്പെടുത്താനുള്ള നേപ്പാളിന്റെ നീക്കത്തെ ഒരു രീതിയിലും അംഗീകരിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.

