കൊച്ചി: വാഹനത്തില്‍ വച്ച് നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് പോലീസ് പിടിച്ചെടുത്തു. കേസിലെ ഒന്നാം പ്രതിയായ സുനില്‍കുമാറിന്റെ അഭിഭാഷകനായിരുന്ന അഡ്വ. പ്രതീഷ് ചാക്കോയുടെ ജൂനിയറായ അഭിഭാഷകനില്‍ നിന്നാണ് മെമ്മറി കാര്‍ഡ് കണ്ടെടുത്തത്.
എന്നാല്‍ പിടിച്ചെടുത്ത മെമ്മറി കാര്‍ഡില്‍ ദൃശ്യങ്ങളൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു. കേസിലെ പ്രധാന തൊണ്ടിമുതലാണ് മെമ്മറി കാര്‍ഡ്. അതേസമയം നടിയെ അപകീര്‍ത്തിപ്പെടുത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡാണോ ഇതെന്ന് കണ്ടെത്തുന്നതിന് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ഫോണും മെമ്മറി കാര്‍ഡും പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചെന്നായിരുന്നു പള്‍സര്‍ സുനി പോലീസിനോട് ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞിരുന്നത്.
കുറ്റകൃത്യത്തിനു ശേഷം മെമ്മറി കാര്‍ഡ് സുനി കൈമാറിയത് പ്രതീഷ് ചാക്കോയ്ക്കാണെന്നാണ് പോലീസ് സംശയിക്കുന്നത്. പള്‍സര്‍ സുനി ഇതുസംബന്ധിച്ച് മൊഴിയും നല്‍കിയിരുന്നു . കേസിലെ നിര്‍ണായക തെളിവായ ഫോണും മെമ്മറി കാര്‍ഡും വീണ്ടെടുക്കാന്‍ പോലീസ് വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കിട്ടിയില്ല. ഇതേത്തുടര്‍ന്നാണ് പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.

