‘ഞാനും നിങ്ങളും ഒത്തു ചേരുന്ന ഈ നിമിഷം നല്ല സന്ദേശങ്ങള്‍ പരത്തട്ടെ; ആറ്റുകാല്‍ ക്ഷേത്രമുറ്റത്ത് മമ്മൂട്ടി- video

ആറ്റുകാല്‍ ക്ഷേത്രമുറ്റത്ത് കൂടിയിരുന്ന പതിനായിരങ്ങളെ ഇളക്കിമറിച്ച് നടന്‍ മമ്മൂട്ടി. ആറ്റുകാല്‍ ക്ഷേത്രത്തിലെ കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ എത്തിയതായിരുന്നു മമ്മൂട്ടി. സ്‌നേഹം പരസ്പരം കൈമാറ്റം ചെയ്യുന്നവര്‍ക്കേ ദൈവ സന്നിധിയില്‍ നിന്ന് പ്രതിഫലം ലഭിക്കുകയുള്ളൂ എന്ന് മമ്മൂട്ടി പറഞ്ഞു.

താനും നിങ്ങളും ചേരുന്ന ഈ നിമിഷം നല്ല സന്ദേശങ്ങള്‍ പരത്തട്ടെയെന്നും താരം പറഞ്ഞു. മമ്മൂട്ടിയുടെ സ്‌നേഹം നിറഞ്ഞ വാക്കുകള്‍ക്ക് നിറഞ്ഞ കൈയടിയാണ് സദസില്‍ നിന്നും ലഭിച്ചത്. മധുരരാജയുടെ ചിത്രീകരണം മാറ്റിവെച്ചാണ് മമ്മൂട്ടി ചടങ്ങിനെത്തിയത്.

ആറ്റുകാല്‍ പൊങ്കാലയെക്കുറിച്ച് തനിക്ക് കേട്ടറിവേയുള്ളൂ. ഇത്രയും വലിയൊരു ജനസമൂഹത്തെ താന്‍ അടുത്തകാലത്തെങ്ങും അഭിസംബോധന ചെയ്തിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞു. വളരെ സന്തോഷപൂര്‍വമാണ് പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയത്. ചലച്ചിത്ര ജീവിതത്തിന്‍റെ ആരംഭകാലത്ത് ക്ഷേത്ര നടയിലും വഴികളിലും പരിസരങ്ങളിലുമെല്ലാം സിനിമ ചിത്രീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് അധികം വരാത്ത ആളാണ്. 1981 ല്‍ മുന്നേറ്റം എന്ന സിനിമ ഷൂട്ട് ചെയ്തത് ഇവിടെയാണ്. ഇവിടെയിരിക്കുന്ന പലരും അന്ന് ജനിച്ചിട്ട് പോലുമുണ്ടാകില്ല. പല സ്ഥലങ്ങള്‍ക്കും ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചുവെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ചിരകാല സുഹൃത്ത് ഡോക്ടര്‍ രാജഗോപാലിനെ കാണാന്‍ കഴിഞ്ഞത് മറ്റൊരു സന്തോഷമാണ്. ആദരിക്കപ്പെടേണ്ടതില്‍ ഒരു പക്ഷേ തന്നെക്കാള്‍ അര്‍ഹതയുള്ള ആളാണ് രാജഗോപാല്‍. സാന്ത്വന ചികിത്സാ രംഗത്ത് പ്രമുഖനാണ് രാജഗോപാല്‍. ഒരു പക്ഷേ ഇന്ത്യയില്‍ സാന്ത്വന ചികിത്സയുടെ തുടക്കക്കാരന്‍ അദ്ദേഹമാണെന്നും മമ്മൂട്ടി പറഞ്ഞു.

ഇത്രയും മനസു നിറഞ്ഞ് ദൈവത്തെ പ്രാര്‍ത്ഥിക്കുന്ന ഒരു അവസരത്തില്‍ ഏത് ദൈവമാണ് നിങ്ങളെ അനുഗ്രഹിക്കാത്തത്. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ എല്ലാം മറന്ന് ജനങ്ങള്‍ സ്‌നേഹം പങ്കിടുകയാണെന്ന് മമ്മൂട്ടി പറഞ്ഞു. മനുഷ്യന്‍റെ പരസ്പര സ്‌നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും ഒന്നിന്‍റെയും അതിര്‍വരമ്പുകള്‍ ഇല്ലാത്ത നല്ല നാളെകള്‍ ഉണ്ടാകട്ടെയെന്നും മമ്മൂട്ടി പറഞ്ഞു.

എല്ലാ കലകളുടേയും ഉറവിടം ക്ഷേത്രങ്ങളാണെന്ന് പറയാറുണ്ട്. ക്ഷേത്ര കലകള്‍ എന്ന കലാവിഭാഗം പോലും നമുക്കിടയിലുണ്ട്. ഈ ക്ഷേത്രമുറ്റത്താണ് പല കലാകാരന്മാരും ഉണ്ടായിട്ടുള്ളത്. അതു പോലെ തന്നെ ഈ ക്ഷേത്ര മുറ്റത്താണ് കലാകാരനെന്ന് ആഗ്രഹിക്കുന്ന താനും നില്‍ക്കുന്നത്. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ഒരുപാട് തയ്യാറെടുപ്പുകള്‍ എടുത്തു. ഇത്രയും വലിയ ജനസമൂഹത്തെ അഭിമുഖീകരിക്കുമ്പോള്‍ എന്താണ് പറയേണ്ടതെന്ന് ചിന്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

*