കൊച്ചി: ISL മൂന്നാം പതിപ്പിന്റെ ഇന്നലെ നടന്ന ഫൈനലില്‍ അത്ലെറ്റിക്കോ ടി കൊല്‍കത്ത ബ്ലാസ്റ്റേഴ്സിനെതിരെ ഷൂട്ട് ഔട്ടില്‍ 4-3 സ്കോര്‍ നേടി കിരീടം സ്വന്തമാക്കി. രണ്ടാം തവണയാണ് കൊല്‍കത്ത കിരീടം നേടുന്നത്. ആദ്യ സീസണിലും ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയാണ് കൊല്‍കത്ത കിരീടം നേടിയത്. കളിയുടെ ആദ്യ പകുതിയില്‍ തന്നെ ഇരു ടീമുകളും സമനില നേടി. മൊഹമ്മദ് റാഫിയിലൂടെ ബ്ലാസ്റ്റേഴ്സ് ആദ്യ ഗോള്‍ 37-)൦ മിനിറ്റില്‍ നേടിയതിന് പിന്നാലെ കൊല്‍കത്ത 44-)൦ മിനിറ്റില്‍ ഹെൻറിക് ഫൊൺസെക്കാ സെറീനോയിലൂടെ സമനിലഗോളും നേടി. പിന്നീടങ്ങോട്ട് ഇരു ടീമുകളും സമനിലയില്‍ പോരാടി.
കളി അധിക സമയത്തിലേക്കും പെനാലിറ്റി ഷൂട്ടൗട്ടിലേക്കും കടക്കേണ്ടി വന്നു. പെനാലിറ്റി ഷൂട്ട് ഔട്ടില്‍ ബ്ലാസ്റ്റേഴ്സിന് ഭാഗ്യം തുണച്ചില്ല. ബ്ലാസ്റ്റേഴ്സിന്റെ അന്റോണിയോ ജർമൻ, കെർവൻസ് ബെൽഫോർട്ട്, മുഹമ്മദ് റഫീഖ് എന്നിവർ ഗോൾ നേടിയപ്പോൾ എൽഹാജി എൻഡോയെ, സെഡ്രിക് ഹെങ്ബാർത് എന്നിവരുടെ കിക്കുകൾക്ക് ഫലമുണ്ടായില്ല. മറുവശത്ത് ഹ്യൂമിന്റെ കിക്ക് പിഴച്ചുവെങ്കിലും സമീ ഡൂട്ടി, ക്യാപ്റ്റൻ ബോറിയ ഫെർണാണ്ടസ്, ഹവിയർ ലാറ, ജ്യൂവൽ രാജ എന്നിവർ ഗോളുകള്‍ നേടി, ബ്ലാസ്റ്റേഴ്സിനെയും ആരാധകരെയും നിരാശയിലാഴ്ത്തി അവര്‍ കിരീടം കൈക്കലാക്കി.
