ഡോ. ജോസ് ചാക്കോ പെരിയപുറത്തെ വിമർശിച്ച് ഡോ.പ്രതാപ്; പ്രശസ്തനായപ്പോൾ സഹപ്രവർത്തകരെ മറന്നു.

കൊല്ലം: ഹൃദയംമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ പ്രശസ്തനായ വ്യക്തിയാണ് ഡോക്ടർ ജോസ് ചാക്കോ പെരിയപുറം. 2003ൽ കേരളത്തിൽ ആദ്യമായി ഹൃദയംമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ അദ്ദേഹം എറെ ശ്രദ്ധ നേടിയിരുന്നു. എയർ ആംബുലൻസിലൂടെ ഹൃദയം എത്തിക്കുന്നതും ശസ്ത്രക്രിയ നടത്തുന്നതുമെല്ലാം പ്രാധാന്യത്തോടെയാണ് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഡോ.ജോസിൻ്റെ പ്രശസ്തിയിലേയ്ക്കുള്ള വരവും പിന്നിലെ കഥകളും വിവരിക്കുകയാണ് പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ.പ്രതാപ് കുമാർ തൻ്റെ ഫേയ്സ് ബുക്ക് പോസ്റ്റിൽ.

ആദ്യ ശസ്ത്രക്രിയയ്ക്ക് വിധേയനായ എബ്രഹാം എന്ന യുവാവിനെ പരിശോധിച്ചത് ഡോ.പ്രതാപ് ആണെന്ന് കുറിപ്പിലുണ്ട്. എബ്രാഹാമിന് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തികൂടേയെന്ന് ഡോക്ടർ ജോസിനോട് താനാണ് നിർദേശിച്ചത്. അതുപ്രകാരം എബ്രഹാമിനോട് ഹൃദയം മാറ്റിവെക്കലിന് തയ്യാറാകാൻ പറഞ്ഞു. ഈ യുവാവിൻ്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ സൗജന്യമായി ശാസ്ത്രക്രിയക്ക് ആവശ്യമായ ചിലവ് വഹിക്കാമെന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ഡയറക്ടറായിരുന്ന ഡോക്ടർ വർഗീസ് പുളിക്കലും എക്സിക്യൂട്ടീവ് ഡയറക്ടർ മിസ്റ്റർ ആന്റണി പുളിക്കലും ഉറപ്പ് നൽകി. ഡോക്ടർ ജോസ് ആദ്യമായിട്ടാണ് ഈ ശസ്ത്രക്രിയ ചെയ്യാൻ പോകുന്നത് എന്ന കാര്യം മാത്രം രോഗിയോട് പറഞ്ഞില്ലായിരുന്നു. അത് പറഞ്ഞിരുന്നെങ്കിൽ ഡോക്ടർ ജോസ് ചാക്കോ പ്രശസ്തിയുടെ കൊടുമുടി കയറില്ലായിരുന്നുവെന്നും ഡോ.പ്രതാപിൻ്റെ കുറിപ്പിലുണ്ട്.

പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ ഡോ.ജോസ് ഓർക്കാതെ പോയ ചില പേരുകൾ അദ്ദേഹം പോസ്റ്റിൽ കുറിക്കുന്നുണ്ട്. മെഡിക്കൽ ട്രസ്റ്റിലെ ഹൃദ്രോഗ വിദഗ്ധനും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജിലെ ഹൃദയശസ്ത്രക്രിയാ മേധാവിയായിരുന്ന ഡോക്ടർ രാജശേഖരൻ. എബ്രാഹാമിൻ്റെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് ഡോക്ടർ ജോസിനൊപ്പം ഡോക്ടർ രാജശേഖരനും വഹിച്ച പങ്ക് വലുതാണ്. കഴിഞ്ഞ 17 വർഷത്തിനിടെ ഒരിക്കൽ പോലും എവിടെയും ഈ പേര് സൂചിപ്പിച്ചിട്ടില്ല. അതിന് പല കാരണങ്ങളുണ്ട്. ചരിത്രം അല്ലെങ്കിലും അങ്ങനെയാണ്, ചിലരെ പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്ക് ഉയർത്തും ചിലരെ തിരസ്കരിക്കും. പക്ഷെ ചരിത്രത്തിൽ പേര് രേഖപ്പെടുത്തപ്പെട്ടവർ ചരിത്രവഴി വിസ്മരിക്കരുതെന്നും ഡോ.പ്രതാപ് വിമർശിക്കുന്നു. ഫേയ്സ് ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം ചുവടെ…..
**************************
പ്രശസ്തിക്ക് പിന്നിലെ പറയാത്ത സത്യങ്ങൾ; ചരിത്രം മറന്നുപോയവരുണ്ട്.

1967 ഡിസംബർ മൂന്ന്, ലോകം ഹൃദയമിടിപ്പോടെ വായിച്ചു കേട്ടൊരു വാർത്തയുണ്ട്. വൈദ്യശാസ്ത്രത്തിൻ്റെ ഏറ്റവും വലിയ നേട്ടമായി വിശേഷിപ്പിക്കപ്പെട്ട ആദ്യ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ. ക്രിസ്ത്യൻ ബർണാഡ് എന്ന ഹൃദ്രോഗ വിദഗ്ധൻ ലോകത്ത് ആദ്യമായി ഹൃദയം മാറ്റിവെച്ച ചരിത്രനിമിഷം. ദക്ഷിണാഫ്രിക്കയിലെ ഗ്രൂട്ട് സ്കൂർ ആശുപത്രിയിലെ ശസ്ത്രക്രിയാമുറിയിൽ​വച്ച് ലൂയിസ് വാഷാൻസ്കി എന്ന രോഗിയിലേക്ക് ഡെന്നിസ് ഡാർവൽ എന്ന യുവതിയുടെ ഹൃദയം മാറ്റിവെച്ചപ്പോൾ ബർണാഡ് തുന്നിച്ചേർത്തത് ആധുനിക ചികിത്സാസമ്പ്രദായത്തിലെ ഏറ്റവും ചോരത്തുടിപ്പുള്ള ഒരധ്യായമെന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ ചരിത്രം മറന്നുപോയ (അല്ല ബോധപൂർവ്വം ഒഴിവാക്കിയ) ചില പേരുകളുണ്ട്. ആദ്യത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത് ക്രിസ്ത്യൻ ബർണാഡാണ് എന്ന് ചരിത്രം രേഖപ്പെടുത്തുമ്പോൾ അതിന്റെ പിറകിൽ അദ്ദേഹത്തെ സഹായിക്കാൻ നിന്ന സ്കൂളിൽ പോകാത്ത, ഇംഗ്ലീഷ് വായിക്കാനും എഴുതാനും അറിയാത്ത ഹാമിൽറ്റൻ എന്ന ലോകപ്രശസ്ത ശസ്ത്രക്രിയാ വിദഗ്ധനെ (പിൽക്കാലത്ത് കേപ്ടൗൻ സർവകലാശാലയിൽ മാസ്റ്റർ ബിരുദം നേടിയിരുന്നു) കാലം മറന്നു. ഇത്രയും ഒന്നും ഇവിടെ സംഭവിച്ചിട്ടില്ല, എന്നാലും ചില സത്യങ്ങൾ പറയാതെ വയ്യ.

ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ എന്ന കേരളത്തിന്റെ ചരിത്ര നിമിഷത്തെ ഓർമിപ്പിച്ച് മലയാള മനോരമയുടെ ഞായറാഴ്ചയിലെ (06/09/2020) ലേഖനമാണ് ഈ തുറന്നുപറച്ചിലിന് എന്നെ പ്രേരിപ്പിക്കുന്നത്. ഇനിയും അതേക്കുറിച്ച് പറഞ്ഞില്ലെങ്കിൽ ചരിത്രത്തോടുള്ള നീതിനിഷേധമാണെന്ന് തോന്നുന്നു. അവയവദാനം മഹത്തായ ജീവകാരുണ്യപ്രവർത്തനമായി കരുതേണ്ട സമയത്ത് ഈ ലേഖനത്തിന്റെ പ്രസക്തി ഏറെയാണ്. ഇതിൽ പറയുന്നതുപോലെ ഹൃദയംമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ എബ്രഹാമിനെ ആദ്യമായി കാണുന്നത് ഡോക്ടർ ജോസ് ചാക്കോ പെരിയപുറം ആയിരുന്നില്ല.

2002ൽ ഹരിപ്പാട് ഹുദാട്രസ്റ്റ് ആശുപത്രിയിലെ സന്ദർശക ഹൃദ്രോഗ വിദഗ്ധനായിരുന്നു ഞാൻ. അക്കാലത്ത് കൊച്ചിയിൽ ഹൃദ്രോഗ വിഭാഗത്തിലും പ്രാക്ടീസ് ചെയ്തിരുന്നു. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയും ഹുദാ ട്രസ്റ്റ് ആശുപത്രിയും ചേർന്ന് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിലാണ് ആദ്യമായി എബ്രഹാം എന്ന യുവാവിനെ കാണുന്നത്. രോഗിയുടെ ഹൃദയത്തിന്റെ പ്രവർത്തനം വളരെ മോശമായത് കാരണം എബ്രാഹാമിന് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തികൂടേയെന്ന് ഡോക്ടർ ജോസിനോട് ഞാനാണ് നിർദേശിച്ചത്. അതുപ്രകാരം എബ്രഹാമിനോട് ഹൃദയം മാറ്റിവെക്കലിന് തയ്യാറാകാൻ പറഞ്ഞു. എന്നാൽ ചുറുചുറുക്കുള്ള ആ ചെറുപ്പക്കാരൻ്റെ വാക്കുകൾ കണ്ണുനനയിച്ചു. “എന്റെ കയ്യിൽ അതിനുള്ള പണം ഒന്നുമില്ല, പെണ്ണും പിടക്കോഴിയുമില്ലാത്ത ഞാൻ എന്തിന് ജീവിക്കണം ഡോക്ടറേ” – എന്ന എബ്രാഹാമിൻ്റെ മറുപടിയിൽ ഞാൻ പതറി.

ഇക്കാര്യം സൂചിപ്പിച്ചപ്പോൾ സൗജന്യമായി ശാസ്ത്രക്രിയക്ക് ആവശ്യമായ ചിലവ് വഹിക്കാമെന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ഡയറക്ടറായിരുന്ന ഡോക്ടർ വർഗീസ് പുളിക്കലും എക്സിക്യൂട്ടീവ് ഡയറക്ടർ മിസ്റ്റർ ആന്റണി പുളിക്കലും എനിക്ക് ഉറപ്പ് നൽകി. പിന്നീടുള്ള ചികിത്സയും സൗജന്യമാക്കാമെന്നും ഞങ്ങളെല്ലാം ഓമനത്തത്തോടെ ‘അപ്പച്ചൻ’ എന്ന് വിളിക്കുന്ന ഡോ.വർഗീസ് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞ് എന്നെ കാണാൻ വന്ന എബ്രഹാമിന് ഒ.പി മുതൽ മുഴുവൻ പരിശോധനയും സൗജന്യമാക്കി കൊടുത്തു. അദ്ദേഹത്തിന്റെ കേസ് ഫയൽ എൻ്റെ (ഡോക്ടർ പ്രതാപ്) പേരിലാണ് തുടങ്ങിയത് എന്നോർക്കുക. ഒരുമാസത്തോളമുള്ള വിവിധ പരിശോധനകൾക്ക് തയ്യാറായപ്പോഴും എബ്രഹാമിന് അറിയേണ്ടത് ആരാണ് ശസ്ത്രക്രിയ ചെയ്യുന്നത് എന്നായിരുന്നു. മാസത്തിൽ മൂന്നോ, നാലോ ബൈപ്പാസ് ശസ്ത്രക്രിയ മാത്രം ചെയ്തുകൊണ്ടിരുന്ന ഡോക്ടർ ജോസിനെ എനിക്ക് വിശ്വാസമാണ് എന്നു പറഞ്ഞപ്പോൾ എബ്രഹാം ആത്മധൈര്യത്തോടെ അതിന് സമ്മതം മൂളി. “നിങ്ങൾ എത്ര നാൾ ജീവിക്കും എന്നെനിക്കറിയില്ല, ചിലപ്പോൾ ശസ്ത്രക്രിയയ്ക്ക് ശേഷം ഉടൻ മരിക്കാം. പക്ഷേ ഏതുനിമിഷവും മരിക്കാൻ സാധ്യതയുള്ള നിങ്ങൾ ഈ ചികിത്സയ്ക്ക് സമ്മതിച്ചാൽ ചിലപ്പോൾ കൂടുതൽ കാലം ജീവിച്ചിരിക്കാം. ജീവിച്ചില്ലെങ്കിലും നിങ്ങൾ ചരിത്രത്തിന്റെ ഭാഗമായി മാറും” അന്ന് എബ്രഹാമിന് ധൈര്യം പകർന്ന് ഞാൻ പറഞ്ഞ വാക്കുകളാണ്. ഡോക്ടർ ജോസ് ആദ്യമായിട്ടാണ് ഈ ശസ്ത്രക്രിയ ചെയ്യാൻ പോകുന്നത് എന്ന കാര്യം മാത്രം ഞാൻ പറഞ്ഞില്ലായിരുന്നു. അത് പറഞ്ഞിരുന്നെങ്കിൽ ഡോക്ടർ ജോസ് ചാക്കോ പ്രശസ്തിയുടെ കൊടുമുടി കയറില്ലായിരുന്നു.

അടുത്ത രണ്ടാഴ്ച കഴിഞ്ഞ് എബ്രാഹാമിൻ്റെ ബോംബെയിലുള്ള ഒരേയൊരു സഹോദരിയും ഭർത്താവും എന്നെ കാണാൻ വന്നു, അവർക്കും ഞാൻ കാര്യങ്ങൾ മനസ്സിലാക്കികൊടുത്തു. അദ്ദേഹത്തിന്റെ രോഗം വളരെ മോശമായ അവസ്ഥയിലാണെന്നും ശസ്ത്രക്രിയയും തുടർചികിത്സ ഡോക്ടർ വർഗീസ്‌ പുളിക്കൽ നേതൃത്വം നൽകുന്ന മെഡിക്കൽ ട്രസ്റ്റ് ആശുപത്രി വഹിച്ചോളുമെന്നും നിങ്ങൾ ഒരു പണവും ചിലവാക്കേണ്ടെന്നും പറഞ്ഞ് ബോധ്യപ്പെടുത്തി. ഇവരോടും ഞാൻ പറഞ്ഞില്ല ഡോക്ടർ ജോസ് ആദ്യമായിട്ടാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്യുന്നത് എന്ന്. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് സമ്മതിച്ചാൽ രോഗിക്കോ ബന്ധുവിനോ വേണ്ടത് മൂന്ന് കാര്യങ്ങളാണ്.

1. ആശുപത്രിയിലുള്ള വിശ്വാസ്യത.
2. രോഗിയെയും ബന്ധുവിനെയും ചികിത്സയെക്കുറിച്ചും, ചികിത്സയുടെ ആവശ്യകതയെക്കുറിച്ചും ചിലവിനെ കുറിച്ചും ബോധ്യപ്പെടുത്തുക.
3. ശസ്ത്രക്രിയ നടത്തുന്ന ഡോക്ടറുടെ പരിചയസമ്പന്നത.

ഇതിൽ ആദ്യത്തെ രണ്ട് കാര്യങ്ങളും നന്നായത് കൊണ്ടാകണം മൂന്നാമത്തെ കാര്യത്തിൽ രോഗിയും ബന്ധുക്കളും വ്യാകുലപ്പെടാത്തതും അന്വേഷിക്കാത്തതും. പിന്നീടും വെല്ലുവിളികളുണ്ടായി. ഏബ്രഹാമിനു അദ്ദേഹത്തിന്റെ തന്നെ രക്തഗ്രൂപ്പിലുള്ള, ശരീരസാമ്യമുള്ള ആരോഗ്യവാനായ ഒരു വ്യക്തിയുടെ ഹൃദയം ആവശ്യമാണ്. ഏതെങ്കിലും അപകടത്തിൽ മസ്തിഷ്‌കമരണം സംഭവിച്ചു വെന്റിലേറ്ററിൽ കഴിയുന്ന, ഒരിക്കലും ജീവിതത്തിലേക്കു തിരിച്ചുവരില്ലെന്ന് ശാസ്ത്രീയ പരിശോധനകളിലൂടെ ന്യൂറോസർജന്മാർ വിധിയെഴുതിയ ഒരു വ്യക്തിക്കേ ഹൃദയം ദാനം ചെയ്യാനാവൂ. കാലം കാത്തുവച്ച നിയോഗം പോലെ വടക്കൻ പറവൂർ സ്വദേശിയായ സുകുമാരൻ അപകടത്തിൽപ്പെട്ട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിയത് ആ ദിവസങ്ങളിലാണ്. മസ്തിഷ്കമരണം സ്ഥിരീകരിക്കപ്പെട്ട സുകുമാരന്റെ കുടുംബം സന്നദ്ധത അറിയിച്ചു. ആ കുടുംബത്തിൻ്റെ നന്മയും മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയുടെ അത്രയും കാലത്തെ വിശ്വാസ്യതയും കൊണ്ടായിരിക്കണം അവയവ ദാതാവിനെ എളുപ്പം കിട്ടാൻ കാരണമായതായി എനിക്ക് തോന്നുന്നു.

പക്ഷെ ലോകത്തിലെ ആദ്യ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ചരിത്രം വിസ്മരിച്ച ഹാമിൽറ്റനെ പോലെ ഇവിടെയും വിട്ടുപോയൊരു പേരുണ്ട് (ഇതും ബോധപൂർവ്വം ഒഴിവാക്കിയതാവാം). മെഡിക്കൽ ട്രസ്റ്റിലെ ഹൃദ്രോഗ വിദഗ്ധനും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജിലെ ഹൃദയശസ്ത്രക്രിയാ മേധാവിയായിരുന്ന ഡോക്ടർ രാജശേഖരൻ. എന്റെ ഉറ്റസുഹൃത്തിനെ ഇവിടെ ഓർത്തതിന് കാരണം അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല എന്നതുകൊണ്ടാവാം. എബ്രാഹാമിൻ്റെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് ഡോക്ടർ ജോസിനൊപ്പം ഡോക്ടർ രാജശേഖരനും വഹിച്ച പങ്ക് വലുതാണ്. കഴിഞ്ഞ 17 വർഷത്തിനിടെ ഒരിക്കൽ പോലും എവിടെയും ഈ പേര് സൂചിപ്പിച്ചിട്ടില്ല. അതിന് പല കാരണങ്ങളുണ്ട്. ചരിത്രം അല്ലെങ്കിലും അങ്ങനെയാണ്, ചിലരെ പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്ക് ഉയർത്തും ചിലരെ തിരസ്കരിക്കും. പക്ഷെ ചരിത്രത്തിൽ പേര് രേഖപ്പെടുത്തപ്പെട്ടവർ ചരിത്രവഴി വിസ്മരിക്കരുത്. ഡോക്ടർ ജോസിൻ്റെ വളർച്ചയിൽ കടപ്പാട് വേണ്ടത് താഴെ പറയുന്നവരോടാണ്.

1. എബ്രഹാം എന്ന രോഗിയോട്.
2. ഡോക്ടർ വർഗീസ് പുളിക്കൽ എന്ന അപ്പച്ചനോട്
3. സഹപ്രവർത്തകരായ ഡോക്ടർമാരോട്
4. സുകുമാരൻ്റെ കുടുംബത്തോട്

ഇതിൽ സഹപ്രവർത്തകരെ അദ്ദേഹം മറന്നു പോയതിൽ കടുത്ത വേദനയുണ്ട്. ഇത് മുൻപ് ഞാൻ എഴുതിയ പുസ്തകമായ ഓർമ്മകളുടെ ഹൃദയസ്പന്ദനത്തിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളതാണ്. ശസ്ത്രക്രിയയ്ക്ക് വിധേയനായ എബ്രഹാം, സുകുമാരന്റെ ഹൃദയവുമായി 20 മാസവും 11 ദിവസുമാണ് ജീവിച്ചത്. പിന്നീട് പല ശസ്ത്രക്രിയകളും നടന്നു. ഡോക്ടർമാരുടെ പ്രശസ്തിയിലേയ്ക്കുള്ള വളർച്ചയിൽ പലരും പങ്കാളികളായി. പക്ഷെ കാലം ബാക്കിവയ്ക്കുന്നത് വേദനകളും നഷ്ടങ്ങളും തന്നെയാണ്. തുറന്നുപറയാൻ ഇനി ബാക്കിയുണ്ട്. ശേഷം പിന്നീട്……

പ്രശസ്തിക്ക് പിന്നിലെ പറയാത്ത സത്യങ്ങൾ; ചരിത്രം മറന്നുപോയവരുണ്ട്1967 ഡിസംബർ മൂന്ന്, ലോകം ഹൃദയമിടിപ്പോടെ വായിച്ചു…

Posted by Dr Prathap Kumar on Monday, September 14, 2020

.

prp

Leave a Reply

*