അയോധ്യ തര്‍ക്ക ഭൂമി കേസ്: വിധിക്കെതിരെ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ ആദ്യ റിവ്യൂ ഹര്‍ജി

ദില്ലി: അയോധ്യ തര്‍ക്ക ഭൂമി കേസില്‍ സുപ്രീംകോടതി വിധിക്കെതിരെ മുസ്ലിം പണ്ഡിത സഭയായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചു. കേസില്‍ സമര്‍പ്പിക്കുന്ന ആദ്യ റിവ്യൂ ഹര്‍ജിയാണിത്. ഹര്‍ജി സമര്‍പ്പിക്കുന്ന വിഷയം പഠിക്കാന്‍ സംഘടന പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. പണ്ഡിതരും നിയമ വിദഗ്ധരും ഉള്‍പ്പെടുന്ന അഞ്ചംഗ സമിതിയെ ആണ് നിയോഗിച്ചത്. ഇവര്‍ നവംബര്‍ ഒമ്ബതിലെ സുപ്രീംകോടതി വിധി പൂര്‍ണമായും പരിശോധിച്ച ശേഷം നല്‍കിയ ശുപാര്‍ശ അടിസ്ഥാനമാക്കിയാണ് റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

പള്ളി നിലനിന്നിരുന്ന സ്ഥലം ക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുകൊടുത്തത് പുനഃപരിശോധിക്കണം. 1934ല്‍ പള്ളിയുടെ മിനാരങ്ങള്‍ തകര്‍ത്തു, 1949ല്‍ പള്ളിക്കകത്ത് രാമ വിഗ്രഹം കൊണ്ടുവച്ചു, 1992ല്‍ പള്ളി തകര്‍ത്തു എന്നീ കാര്യങ്ങള്‍ കോടതി വിധിയില്‍ അംഗീകരിക്കുന്നുണ്ട്. എന്നിട്ടും പള്ളി പൊളിച്ചവര്‍ക്ക് ഭൂമി വിട്ടുകൊടുത്തത് തെറ്റാണ്. പള്ളി നിര്‍മിക്കാന്‍ അഞ്ചേക്കര്‍ നല്‍കിയത് എന്തിനാണ്. ഒരു മുസ്ലിം കക്ഷിയും ഈ ആവശ്യം ഉന്നയിച്ചിരുന്നില്ല. കോടതിക്ക് മുമ്ബില്‍ ഇല്ലാത്ത വിഷയം അടിസ്ഥാനമാക്കി എന്തിനാണ് 5 ഏക്കര്‍ അനുവദിച്ചതെന്നും ഹര്‍ജിയില്‍ ചോദിക്കുന്നു.

ഈ മാസം ഒമ്ബതിന് റിവ്യൂ ഹര്‍ജി നല്‍കാന്‍ അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഭരണഘടനാപരമായ അവകാശം ഉപയോഗിക്കുമെന്ന് ബോര്‍ഡ് സെക്രട്ടറി സഫര്‍യാബ് ജിലാനി അറിയിച്ചു. ദേശീയ തലത്തില്‍ മുസ്ലിം സംഘടനകളുടെ പൊതുവേദിയാണ് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്.

അയോധ്യ കേസിലെ കൂടുതല്‍ മുസ്ലിം കക്ഷികളും റിവ്യൂ ഹര്‍ജി നല്‍കണമെന്ന അഭിപ്രായക്കാരാണ്. ഏഴ് കക്ഷികളാണ് റിവ്യൂ ഹര്‍ജി സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. മത പണ്ഡിത സംഘടനയായ ജംഇയ്യത്ത് ഉലമായെ ഹിന്ദ്, ഹാജി മെഹ്ബൂബ്, മൗലാന ഹിസ്ബുല്ല, ആദ്യ ഹര്‍ജിക്കാരില്‍ ഒരാളായിരുന്ന അന്തരിച്ച ഹാജി അബ്ദുല്‍ അഹദിന്റെ രണ്ടു മക്കള്‍ എന്നിവരും വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

courtsey content - news online
prp

Leave a Reply

*