ദുബായിലേത് സ്വകാര്യ സന്ദര്‍ശനം; എല്ലാം സ്വന്തം ചെലവില്‍; ഒപ്പം പേഴ്സണല്‍ സ്റ്റാഫിനെ കൂട്ടിയത് ഔദ്യോഗികമായി; വിശദീകരണവുമായി മുഖ്യമന്ത്രി

ന്യൂഡല്‍ഹി : കുടുംബത്തോടൊപ്പമുള്ള വിദേശ യാത്ര വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

തന്റെ ദുബായ് യാത്ര സ്വകാര്യമാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയ വിശദീകരണം. അതേസമയം പേഴ്‌സണല്‍ സ്റ്റാഫിന്റേത് ഔദ്യോഗികമാണ്. സ്വന്തം ചെലവിലാണ് യാത്രയെന്നും വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

ദുബായില്‍ താന്‍ നടത്തുന്നത് സ്വകാര്യ സന്ദര്‍ശനമാണ്. പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷും ഒപ്പമുണ്ട്. ഇയാള്‍ ഔദ്യോഗിക സന്ദര്‍ശനമാണ് നടത്തുന്നത്. ഇ-ഫയല്‍ നോക്കുന്നതിനും മന്ത്രിസഭാ യോഗം ചേരുന്നതിനുമുള്ള സൗകര്യം ചെയ്യുന്നതിനുമാണ് പേഴ്‌സണല്‍ സ്റ്റാഫിനെ ഒപ്പം കൂട്ടിയത്. ദുബായ് യാത്രയുടെ ചെലവ് മുഴുവന്‍ വ്യക്തിപരമായിട്ടാണ് വഹിക്കുന്നത് എന്നും മുഖ്യമന്ത്രി വിശദീകരണത്തില്‍ പറയുന്നുണ്ട്.

യുകെ, നോര്‍വേ എന്നീ രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം ഔദ്യോഗിക സന്ദര്‍ശനം നടത്തിയ ശേഷം മടങ്ങിവരവേയാണ് മുഖ്യമന്ത്രി ദുബായ് സന്ദര്‍ശനം നടത്തിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാതെയായിരുന്നു യാത്ര. ഒക്ടോബര്‍ 12-ന് ഉച്ചയ്‌ക്ക് ശേഷമാണ് യാത്രയ്‌ക്ക് അനുമതി ലഭിച്ചത്. അന്ന് രാവിലെയോടെ തന്നെ മുഖ്യമന്ത്രി സന്ദര്‍ശനം തുടങ്ങിയിരുന്നു.

അനുമതി തേടി പിന്നീട് മന്ത്രാലയത്തെ സമീപിച്ചെങ്കിലും പേഴ്‌സണല്‍ അസിസ്റ്റന്റിനെ ഒപ്പം കൂട്ടിയതില്‍ വിദേശകാര്യ മന്ത്രാലയം മുഖ്യമന്ത്രിയോട് വിശദീകരണം തേടുകയായിരുന്നു. സ്വകാര്യ സന്ദര്‍ശനത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെ ഒപ്പം കൂട്ടുന്നത് ചട്ടവിരുദ്ധമാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിശദീകരണം തേടിയത്.

Tags:pinarai vijayanപിണറായി വിജയന്‍മുഖ്യമന്ത്രിവിദേശ യാത്രദുബായ് യാത്രവിശദീകരണം

prp

Leave a Reply

*