സെലന്‍സ്കിയുമായി ഇടഞ്ഞു, പിന്നാലെ യുക്രെയ്നിലെ ഇന്‍റര്‍നെറ്റിന്‍റെ കാര്യം തീരുമാനമാക്കാന്‍ ഇലോണ്‍ മസ്ക്; ചെലവ് താങ്ങാനാകുന്നില്ലെന്ന്

ഷ്യ യുക്രെയ്ന്‍ അധിനിവേശത്തിന് തുടക്കമിട്ട സമയത്ത് ലോകകോടീശ്വരന്‍ ഇലോണ്‍ മസ്കിന്‍റെ ഒരു നടപടി വ്യാപക പ്രശംസ നേടിക്കൊടുത്തിരുന്നു.

യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന യുക്രെയ്നില്‍ തന്‍റെ സ്പേസ് എക്സിന് കീഴിലെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വഴി തടസമില്ലാത്ത ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുമെന്നായിരുന്നു മസ്കിന്‍റെ പ്രഖ്യാപനം. ഗതാഗത-ആശയവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നുകൊണ്ടിരുന്ന യുക്രെയ്നില്‍ സ്റ്റാര്‍ലിങ്ക് വഴിയുള്ള ഇന്‍റര്‍നെറ്റ് സേവനം ഏറെ ആശ്വാസം നല്‍കിയിരുന്നു.

എന്നാല്‍, യുക്രെയ്നില്‍ ഇന്‍റര്‍നെറ്റ് ലഭ്യമാക്കുന്നതിന്‍റെ ചെലവ് ഇനിയും തങ്ങള്‍ക്ക് വഹിക്കാനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മസ്ക്. ഇതുവരെ 80 ദശലക്ഷം ഡോളറിന്‍റെ ചെലവാണ് ഇന്‍റര്‍നെറ്റ് സേവനം നല്‍കുക വഴി തങ്ങള്‍ക്കുണ്ടായതെന്ന് മസ്ക് ട്വീറ്റില്‍ വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ അത് 100 ദശലക്ഷം ഡോളറായി ഉയരും.

യുക്രെയ്നില്‍ ഇന്‍റര്‍നെറ്റ് സേവനം നല്‍കുന്നതിന്‍റെ ചെലവ് യു.എസ് സൈന്യം ഏറ്റെടുക്കണമെന്നാണ് മസ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച്‌ കഴിഞ്ഞ മാസം പെന്‍റഗണിന് സ്പേസ് എക്സ് കത്ത് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം 120 ദശലക്ഷം ഡോളറും വരുംവര്‍ഷങ്ങളിലെ കൂടി ചേര്‍ത്ത് 400 ദശലക്ഷം ഡോളറും ചെലവ് വരുമെന്നാണ് പറഞ്ഞിരിക്കുന്നത്.

ഒരാഴ്ച മുമ്ബ് യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി മസ്ക് ട്വിറ്ററില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. ഹിതപരിശോധനയിലൂടെ കാര്യങ്ങള്‍ തീരുമാനിക്കണമെന്നാണ് മസ്കിന്‍റെ നിര്‍ദേശം. ഇക്കൂട്ടത്തില്‍, റഷ്യ നേരത്തെ കൈയടക്കിയ ക്രൈമിയയിലും ഇപ്പോള്‍ കൈയടക്കിയ ഡോണ്‍ബാസ് മേഖലയിലും താമസിക്കുന്നവര്‍ക്ക് റഷ്യയുടെ ഭാഗമാകാനാണോ യുക്രെയ്‌നിന്റെ ഭാഗമാകാനാണോ താല്‍പര്യമെന്ന് പരിശോധിക്കണമെന്നും മസ്ക് അഭിപ്രായപ്പെട്ടു. ഇതോടെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.

മസ്കിനെ വിമര്‍ശിച്ച്‌ യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോഡിമിര്‍ സെലെന്‍സ്കിയും രംഗത്തെത്തി. ‘യുക്രെയ്നെ പിന്തുണയ്ക്കുന്ന ആള്‍, റഷ്യയെ പിന്തുണയ്ക്കുന്ന ആള്‍: ഏതു മസ്കിനെയാണ് കൂടുതല്‍ ഇഷ്ടം?’ എന്ന ചോദ്യത്തിന് അഭിപ്രായം രേഖപ്പെടുത്താനായിരുന്നു സെലെന്‍സ്കിയുടെ പരിഹാസ രൂപേണയുള്ള ട്വീറ്റ്.

യുദ്ധത്തില്‍ യുക്രെയ്‌നു വിജയം സാധ്യമല്ലെന്നും നിങ്ങള്‍ക്ക് യുക്രെയ്‌നിലെ ജനങ്ങളെക്കുറിച്ച്‌ കരുതലുണ്ടെങ്കില്‍ സമാധാനം ഉറപ്പാക്കണമെന്നുമാണ് മസ്ക് സെലന്‍സ്കിക്ക് മറുപടി നല്‍കിയത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇന്‍റര്‍നെറ്റ് സേവനം അവസാനിപ്പിക്കാനായി മസ്ക് ആലോചിക്കുന്നത്.

prp

Leave a Reply

*