തിരുവനന്തപുരം: പെരുമ്ബാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളി കോവളത്തുവച്ച് മര്‍ദ്ദിച്ചെന്ന പരാതിയുമായി അദ്ധ്യാപിക.
വ്യക്തിപരമായി സൗഹൃദമുള്ള എം എല്‍ എയുമായി ഒരേവാഹനത്തില്‍ സഞ്ചരിക്കുമ്ബോള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു എന്നുമാണ് സ്വകാര്യ സ്കൂളിലെ അദ്ധ്യാപിക നല്കിയ പരാതിയില്‍ പറയുന്നത്. കോവളം സി ഐയാണ് പരാതിയെക്കുറിച്ച് അന്വേഷിക്കുന്നത്. എന്നാല്‍ അദ്ധ്യാപിക ഇതുവരെ വിശദമായ മൊഴിനല്‍കാന്‍ തയ്യാറായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പരാതിക്കാരിയുടെ വിശദമായ മൊഴി ലഭിക്കുന്ന മുറയ്ക്ക് മുന്നോട്ടുപോകുമെന്നും പൊലീസും പറയുന്നു.
എന്നാല്‍ അദ്ധ്യാപികയുടെ പരാതിയെ എല്‍ദോസ് കുന്നപ്പിള്ളി തള്ളി. മര്‍ദ്ദിച്ചിട്ടില്ലെന്നും ആരേയും മര്‍ദ്ദിക്കുന്ന ആളല്ല താനെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍, കോവളത്ത് പോയിരുന്നോയെന്നും അദ്ധ്യാപികയെ അറിയാമോയെന്നുമുള്ള ചോദ്യത്തോട് പ്രതികരിക്കാന്‍ എം എല്‍ എ തയ്യാറായില്ല. ‘അങ്ങനെയൊരു കുറ്റവും ഞാന്‍ ചെയ്തിട്ടില്ല. പൊലീസ് അന്വേഷിക്കട്ടെ. അന്വേഷണം നടക്കുമ്ബോള്‍ പ്രതികരിക്കേണ്ട കാര്യമില്ല. ഞാന്‍ ആരേയും മര്‍ദ്ദിച്ചിട്ടില്ല, ആരേയും മര്‍ദ്ദിക്കുന്ന ആളല്ല. പൊലീസിന് കൊടുത്ത പരാതി കണ്ടിട്ടില്ല. പൊലീസ് വിളിച്ച് ചോദ്യം ചെയ്തിട്ടില്ല’, എന്നിങ്ങനെയായിരുന്നു അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞത്.

