മസ്കത്ത്: ഒമാന്‍റെ ആദ്യ ഉപഗ്രഹമായ ‘അമാന്‍’ ബ്രിട്ടണിലെ ന്യൂക്വേയില്‍ വിക്ഷേപണത്തിന് തയാറായി. വിക്ഷേപണ വാഹനമായ ലോഞ്ചര്‍ വണ്‍ റോക്കറ്റുമായി സംയോജിപ്പിച്ച ഉപഗ്രഹം ഈ വര്‍ഷം അവസാനത്തോടെ ഭ്രമണപഥത്തിലെത്തും.
ആദ്യ ഉപഗ്രഹ വിക്ഷേപണം ബഹിരാകാശ പദ്ധതിയുടെ പ്രഥമ കാല്‍വെപ്പായാണ് കണക്കാക്കപ്പെടുന്നത്. ഒമാന്‍ സാങ്കേതികവിദ്യ കമ്ബനിയായ ഇ.ടി.സി.ഒ, അമേരിക്കന്‍ കമ്ബനിയായ വെര്‍ജിന്‍ ഓര്‍ബിറ്റ് എന്നിവരാണ് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കുന്നത്. സാറ്റ്റെവ് എന്ന പോളിഷ് കമ്ബനിയാണ് ഉപഗ്രഹം നിര്‍മിക്കുന്നത്. കോണ്‍വാളിലെ ന്യൂക്വേ എയര്‍പോര്‍ട്ടിലാണ് അമാന്‍ സംയോജിപ്പിക്കുന്നതും വിക്ഷേപിക്കുന്നതും. ഒമാന്‍റെ ഉപഗ്രഹ വിക്ഷേപണത്തിന് ആവശ്യമായ അവസാനഘട്ട പരിശോധനകള്‍ നടത്തുകയാണ് വിക്ഷേപണ ചുമതലയുള്ള വെര്‍ജിന്‍ ഓര്‍ബിറ്റ്. ഉപഗ്രഹം ഭ്രമണപഥത്തിലെത്തുന്നതോടെ റോക്കറ്റ് നീക്കം ചെയ്യുന്നതടക്കമുള്ള നടപടികളുടെ കാര്യക്ഷമതയാണ് ഇപ്പോള്‍ ഉറപ്പ് വരുത്തുന്നത്.
ഈ വര്‍ഷം നടക്കുന്ന ആദ്യത്തെ ഉപഗ്രഹ വിക്ഷേപണം ഒമാന്‍റെ ബഹിരാകാശ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായിരിക്കുമെന്ന് ഇ.ടി.സി.ഒ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അബ്ദുല്‍ അസീസ് ജാഫര്‍ പറഞ്ഞു. വിക്ഷേപണ പരിപാടികളുടെ പരീക്ഷണം വമ്ബിച്ച വിജയകരമായിരുന്നു. കഴിഞ്ഞ മാസങ്ങളില്‍ നടന്ന കൃത്യമായ പരിശോധനകളിലൂടെ വിക്ഷേപണ സമയത്തുണ്ടാവുന്ന വെല്ലുവിളികള്‍ ലഘൂകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വിക്ഷേപണ റോക്കറ്റുകള്‍ നിര്‍മിക്കുന്ന കമ്ബനിയുടെ പ്രത്യേക ടീമും വിക്ഷേപണ സമയങ്ങളില്‍ പോളണ്ടിലെ സാറ്റ്റേവ് ഹെഡ്ക്വാര്‍ട്ടേഴ്സിലുണ്ടാവും.
വിഷന്‍ 2040ന്‍റെ ഭാഗമായാണ് ഇത്തരം സാമ്ബത്തിക വൈവിധ്യവത്കരണ പദ്ധതികള്‍ നടപ്പാക്കുന്നത്.
പുതുതലമുറക്ക് ബഹിരാകാശ മേഖലയില്‍ പുതിയ ചക്രവാളങ്ങള്‍ തുറന്നുകൊടുക്കാനും രാജ്യത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രയോജനം ചെയ്യാനും ലക്ഷ്യംവെക്കുന്നതാണ് ഒമാന്‍ ബഹിരാകാശ പദ്ധതി. ദേശീയതലത്തില്‍ നൈപുണ്യം വളര്‍ത്തുന്നതിനും പദ്ധതി സഹായിക്കും. ബഹിരാകാശ സംബന്ധമായ മേഖലയില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിന് പ്രോത്സാഹനം നല്‍കാനും ഉപഗ്രഹ വിക്ഷേപണം സഹായകമാവും.

