CPM പാര്‍ട്ടി കോണ്‍ഗ്രസിനെത്തുടര്‍ന്നുണ്ടായ മാലിന്യം നീക്കിയില്ല; 25,000 രൂപ പിഴ ഈടാക്കി കോര്‍പ്പറേഷന്‍

കണ്ണൂര്‍: ജവാഹര്‍ സ്റ്റേഡിയത്തില്‍ സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിനെത്തുടര്‍ന്നുണ്ടായ മാലിന്യം നീക്കാത്തതിനാല്‍ പിഴ ഈടാക്കി കോര്‍പ്പറേഷന്‍.കരുതല്‍ ധനമായി നല്‍കിയ 25,000 രൂപ കോര്‍പ്പറേഷന്‍ കണ്ടുകെട്ടിയത്. സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറിനും റാലിക്കുമായാണ് ജവഹര്‍ സ്റ്റേഡിയം വിട്ടുനല്‍കിയത്.

പരിപാടിക്കുശേഷം കോര്‍പ്പറേഷന്റെ 23 തൊഴിലാളികള്‍ രണ്ടുദിവസം വാഹനമുള്‍പ്പെടെ ഉപയോഗിച്ചാണ് സ്റ്റേഡിയം ശുചീകരിച്ചത്. ഇതിനായി കോര്‍പ്പറേഷന് 42,700 രൂപ ചെലവായി. വൃത്തിയാക്കാന്‍ കോര്‍പ്പറേഷന്‍ ചെലവഴിച്ച തുക ഈടാക്കാനായിരുന്നു ആരോഗ്യവിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

എന്നാല്‍ കരുതല്‍‌ധനത്തിന് പുറമെയുള്ള 17,700 രൂപ എഴുതിതള്ളാന്‍ വെള്ളിയാഴ്ച ചേര്‍‌ന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. 17,700 രൂപ അടയ്ക്കണമെന്നും കാണിച്ച്‌ പാര്‍ട്ടി കോണ്‍ഗ്രസ് സ്വാഗതസംഘം ഭാരവാഹികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരവാഹികള്‍ സമര്‍പ്പിച്ച കത്ത് പരിഗണിച്ചാണ് കൗണ്‍സില്‍ തീരുമാനം.

പൊതുമുതല്‍ പരിപാടികള്‍ക്കായി വിട്ടുനല്‍കിയാല്‍ ഉത്തരവാദിത്വമില്ലാത്ത സമീപനം അംഗീകരിക്കാനാകില്ല. ഭാവിയില്‍ ഉപാധികള്‍ കര്‍ശനമാക്കാനും കരുതല്‍ധനം വര്‍ധിപ്പിക്കാനും ആലോചിക്കുന്നതായി മേയര്‍ ടിഒ മോഹനന്‍ പറഞ്ഞു.

prp

Leave a Reply

*