കൊച്ചി: സ്കൂള്‍ പ്രിന്‍സിപ്പലിന് പ്ലസ് ടു വിദ്യാര്‍ഥിയുടെ മര്‍ദനം. മൊട്ടയടിച്ച് സ്കൂളിലെത്തിയ വിദ്യാര്‍ഥിയോട് കാര്യം തിരക്കിയപ്പോഴാണ് കുട്ടി പ്രിന്‍സിപ്പലിനെ മര്‍ദ്ദിച്ചത്.
പരിക്കേറ്റ അധ്യാപകനെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരാഴ്ച മുന്‍പ് മുടി നന്നായി വെട്ടി സ്കൂളില്‍ വരണമെന്ന് ക്ലാസ് ടീച്ചര്‍ കുട്ടിയോട് പറഞ്ഞിരുന്നു. വെള്ളിയാഴ്ച രാവിലെ തല മുണ്ഡനം ചെയ്താണ് കുട്ടി സ്കൂളിലെത്തിയത്. അധ്യാപിക പ്രിന്‍സിപ്പലിനെ കണ്ടുവരാന്‍ കുട്ടിയെ പറഞ്ഞയച്ചു. പ്രിന്‍സിപ്പല്‍ കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ വിദ്യാര്‍ഥി മര്‍ദിക്കുകയായിരുന്നു. അധ്യാപകന്റെ കഴുത്തിന് പിടിച്ച് ഞെക്കുകയും മുഖത്തടിക്കുകയും ചെയ്തു. ശേഷം ഇറങ്ങിയോടിയ വിദ്യാര്‍ഥിയെ അധ്യാപകരും നാട്ടുകാരും ചേര്‍ന്നാണ് തിരികെ സ്കൂളിലെത്തിച്ചത്.
നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കാലടി പൊലീസ് എത്തി വിദ്യാര്‍ഥിയുടെ മാതാപിതാക്കളെ വിളിപ്പിച്ചു. മര്‍ദനമേറ്റ പ്രധാനാധ്യാപകന്‍ പരാതി നല്‍കിയിട്ടില്ല. അധ്യപകന്റെ പരാതി ലഭിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നിലവില്‍ കേസ് എടുത്തിട്ടില്ല.

