പാലിയേക്കര
ദേശീയപാത പാലിയേക്കര ടോള്‍ ബൂത്തിന് സമീപം മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന.
വാഹനങ്ങളില്‍ ആഡംബരത്തിനായി ഘടിപ്പിച്ച വസ്തുക്കളെല്ലാം നീക്കം ചെയ്ത് പിഴ ചുമത്തി. വടക്കഞ്ചേരിയിലുണ്ടായ ബസ്സപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. എന്‍ഫോഴ്സ്മെന്റിന്റെ ജില്ലയിലെ അഞ്ച് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
150 വാഹനങ്ങള്‍ പരിശോധിച്ചു. ഇതില്‍ 99 വാഹനങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തി. അനധികൃത രൂപമാറ്റം നടത്തിയ ഒമ്ബത് വാഹനങ്ങളും ഫ്ലാഷ് ലൈറ്റുകള്‍ ഘടിപ്പിച്ച 15 വാഹനങ്ങളും അമിത ശബ്ദസംവിധാനമുള്ള -20 വാഹനങ്ങളും കണ്ടെത്തി. 99 വാഹനങ്ങളില്‍നിന്നായി 98,000 രൂപ പിഴ ഈടാക്കി.
വിനോദ സഞ്ചാര വാഹനങ്ങളും ലോറികളും സംഘം പരിശോധിച്ചു. ടൂറിസ്റ്റ് ബസുകള്‍, വാനുകള്‍ തുടങ്ങിയ വാഹനങ്ങളിലെ എയര്‍ഹോണുകള്‍, അധികമായി ഘടിപ്പിച്ച ലൈറ്റുകള്‍, എല്‍ഇഡി ബള്‍ബുകള്‍, കാഴ്‌ച മറയ്‌ക്കുന്ന രീതിയിലുള്ള സ്റ്റിക്കറുകള്‍ എന്നിവ അഴിച്ചുമാറ്റിച്ചു. വാഹനത്തിനുള്ളില്‍ ഘടിപ്പിച്ച സൗണ്ട് സിസ്റ്റങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കി. ഇത്തരത്തില്‍ നിയമലംഘനം നടത്തിയ വാഹനങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പിഴ ചുമത്തി. നിയമം ലംഘിച്ച് ഘടിപ്പിച്ച വസ്തുക്കളെല്ലാം നീക്കം ചെയ്ത് ഒരാഴ്ചയ്‌ക്കുള്ളില്‍ അതത് ആര്‍ടിഒ ഓഫീസുകളില്‍ വാഹനം എത്തിക്കണമെന്ന നിര്‍ദേശത്തോടെയാണ് ബസുകള്‍ ഉള്‍പ്പടെയുള്ള വിനോദ സഞ്ചാര വാഹനങ്ങള്‍ അധികൃതര്‍ വിട്ടയച്ചത്.
വിനോദയാത്രയ്‌ക്ക് പോകുന്ന വാഹനങ്ങള്‍ രണ്ടുദിവസം മുമ്ബ് ആര്‍ടിഒ കേന്ദ്രങ്ങളിലെത്തിച്ച് പരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്പെക്ടര്‍ സജി തോമസ് പറഞ്ഞു. തൃശൂര്‍ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ കെ കെ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടനുഭവിക്കാത്ത രീതിയിലായിരുന്നു പരിശോധന. വരുംദിവസങ്ങളിലും പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

