2022ലെ അന്താരാഷ്ട്ര ട്വന്റി 20 റണ്‍വേട്ടക്കാരില്‍ മുമ്ബനായി ഇന്ത്യന്‍ യുവതാരം സൂര്യകുമാര്‍ യാദവ്. ‘സ്കൈ’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന 32കാരന് ഈ വര്‍ഷം അടിച്ചുകൂട്ടിയത് 732 റണ്‍സാണ്.
619 റണ്‍സ് നേടിയ പാകിസ്താന്റെ മുഹമ്മദ് റിസ്വാനും വെസ്റ്റിന്‍ഡീസിന്റെ നിക്കോളാസ് പുരാനുമാണ് തൊട്ടുപിന്നിലുള്ളത്. ട്വന്റി 20യില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡും ഇതോടെ താരത്തിന് സ്വന്തമായി. 2018ല്‍ 689 റണ്‍സ് അടിച്ചുകൂട്ടിയ ശിഖര്‍ ധവാന്റെ പേരിലായിരുന്നു ഇതുവരെ റെക്കോഡ്.
180.29 സ്ട്രൈക്ക് റേറ്റോടെയും 40.66 ആവറേജോടെയുമാണ് സൂര്യകുമാറിന്റെ റണ്‍വേട്ട. ബുധനാഴ്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നാലാമനായി ഇറങ്ങി വിശ്വരൂപം പുറത്തെടുത്ത താരം 33 പന്തില്‍ 50 റണ്‍സെടുത്ത് പുറത്താവാതെ നിന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു.
ഒരു വര്‍ഷം ട്വന്റി 20യില്‍ ഏറ്റവും സിക്സ് നേടിയ താരമെന്ന റെക്കോര്‍ഡും ഇനി സൂര്യകുമാറിന് സ്വന്തമാണ്. 2021ല്‍ 42 സിക്സ് നേടിയ പാക് താരം മുഹമ്മദ് റിസ്വാന്റെ റെക്കോര്‍ഡാണ് ഇന്ത്യന്‍താരം പഴങ്കഥയാക്കിയത്. ഇതുവരെ 45 സിക്സാണ് സൂര്യ അടിച്ചുകൂട്ടിയത്. ഈ വര്‍ഷം മൂന്ന് മാസം കൂടി അവശേഷിക്കുന്നതിനാല്‍ സിക്സറുകളുടെ എണ്ണവും കൂടും. റിസ്വാന് 26 ഇന്നിങ്സില്‍നിന്നാണ് 42 സിക്സ് നേടിയതെങ്കില്‍ സൂര്യകുമാറിന് റെക്കോര്‍ഡ് തകര്‍ക്കാന്‍ 21 മത്സരങ്ങളേ വേണ്ടിവന്നുള്ളൂ. നിലവില്‍ ഐ.സി.സി ട്വന്റി 20 റാങ്കിങ്ങില്‍ രണ്ടാമതാണ് സൂര്യകുമാര്‍ യാദവ്.

