എറണാകുളം : മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് അന്ന ബെന്‍. വൈപ്പിന്‍ ബസുകളുടെ നഗരപ്രവേശനം അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് താരം മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.
നിലവില്‍ ബസുകള്‍ക്ക് ഹൈക്കോടതി കവലയിലെത്തി മടങ്ങേണ്ടി വരുന്ന അവസ്ഥയാണ് ഉള്ളത്. 18 വര്‍ഷമായി ഉള്ള ഈ ദുരവസ്ഥയാണ് കത്തിലൂടെ അന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുന്നത്.
ജില്ലയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും നഗരത്തിലേക്ക് ബസുകള്‍ വരുന്നുണ്ട്. എന്നാല്‍ വൈപ്പിന്‍ ബസുകള്‍ക്ക് മാത്രമാണ് ഇതിന് അനുമതി നല്‍കാത്തത്. സെന്റ് തെരേസാസില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലം മുഴുവന്‍ ഈ ബുദ്ധിമുട്ട് മറ്റുള്ളവരെ പോലെ താനും അനുഭവിച്ചിരുന്നെന്നും കത്തില്‍ താരം വ്യക്തമാക്കുന്നു.
വൈപ്പിനില്‍ നിന്നുള്ള ധാരാളം സ്ത്രീകള്‍ നഗരത്തിലെ ടെക്സ്റ്റൈല്‍ ഷോപ്പുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും ജോലിചെയ്യുന്നുണ്ട്. സാധാരണക്കാരായ ഇവര്‍ക്ക് യാത്ര കൊണ്ട് മാത്രം ഉണ്ടാകുന്ന അധിക ചെലവ് താങ്ങാനാവാത്തതാണ്. ബസുകളുടെ നഗര പ്രവേശനം നടപ്പാക്കാത്തതില്‍ പ്രദേശവാസികള്‍ സമരത്തിലാണ്. കൂടാതെ ബസുകളുടെ നഗര പ്രവേശനവുമായി ബന്ധപ്പെട്ട നാറ്റ്പാകിന്റെ റിപ്പോര്‍ട്ട് അനുകൂലമാണെന്ന് അറിയുന്നതായും കത്തില്‍ പറയുന്നുണ്ട്.

