സെക്യൂരിറ്റിക്കാരനെ കാറിടിച്ചു കൊന്ന കേസ്; പ്രതി നിഷാമിന്റെ ഹര്‍ജി ഹൈക്കോടതി‍ തള്ളി; ജീവപര്യന്തം ശിക്ഷ ശരിവച്ചു

കൊച്ചി: തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ ശിക്ഷക്കെതിരെ പ്രതി മുഹമ്മദ് നിഷാം സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. തൃശൂരിലെ വിചാരണ കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ശിക്ഷ റദ്ദാക്കണമെന്ന മുഹമ്മദ് നിഷാമിന്റെ ആവശ്യമാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്. അതേ സമയം ശിക്ഷ വധശിക്ഷയായി ഉയര്‍ത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും ഹൈക്കോടതി തള്ളി.

ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകളില്‍ വിധി പറഞ്ഞത്.

മുഹമ്മദ് നിഷാമിന്റെ ശിക്ഷ സ്‌റ്റേ ചെയ്യാന്‍ നേരത്തെ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. 2015 ജനുവരി 29ന് പുലര്‍ച്ചെയായിരുന്നു കേസിന് ആസ്പദമായ സംഭവം. തൃശൂരിലെ ഫ്‌ളാറ്റ് സമുച്ചയത്തിലെ ഗേറ്റ് തുറക്കാന്‍ വൈകിയതിന് വ്യവസായി മുഹമ്മദ് നിഷാം, സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച്‌ പരുക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ചന്ദ്രബോസ് ഫെബ്രുവരി 16ന് മരിച്ചു.

prp

Leave a Reply

*