തൃശൂര്‍: റോഡു പണിയുടെ ഭാഗമായി ആര്‍ടിഎ ബോര്‍ഡിന്റെ അംഗീകാരമില്ലാത്ത റൂട്ടുകളില്‍ ബസ് സര്‍വീസ് നടത്താന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യത്തില്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായി ബസുടമ സംയുക്ത സമിതി പത്രക്കുറിപ്പില്‍ അറിയിച്ചു.ഇത്തരം റോഡുകളിലൂടെ സര്‍വീസ് നടത്തിയാല്‍ ബസുടമകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ കിട്ടില്ല. ഇക്കാരണത്താലാണു സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നത്.
കൊടുങ്ങല്ലൂര്‍ സ്റ്റേറ്റ് ഹൈവേയില്‍ പാലയ്ക്കല്‍ മുതല്‍ പെരുന്പിള്ളിശേരി വരെ റോഡ് കോണ്‍ക്രീറ്റിംഗ് തുടങ്ങിയിട്ട് ഏഴു മാസം കഴിഞ്ഞു. ഇതുവരെയും പൂര്‍ത്തീകരിച്ചിട്ടില്ല. തൃശൂരില്‍നിന്നുള്ള ബസുകള്‍ ഇപ്പോള്‍ പാലയ്ക്കല്നിന്ന് ഇടതുവശം തിരിഞ്ഞ് ആനക്കല്ലുവഴി പൂച്ചിന്നിപ്പാടം എത്തിയാണ് കൊടുങ്ങല്ലൂരിലേക്കു പോകുന്നത്. ഇതുമൂലം അഞ്ചു കിലോമീറ്റര്‍ കൂടുതല്‍ യാത്ര ചെയ്യേണ്ടിവരുന്നുണ്ട്.
ഇൗ ഭാഗത്തെ പണി കഴിയുന്നതിനു മുന്‍പേ നാരായണമംഗലം മുതല്‍ കോണത്തുകുന്നുവരെ കോണ്‍ക്രീറ്റ് ചെയ്യാന്‍ ബസുകള്‍ എസ്എന്‍ പുരം വഴി തിരിച്ചുവിടണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള ആര്‍ടിഎ ബോര്‍ഡിന്റെ അംഗീകാരമില്ലാത്ത റൂട്ടാണിത്. ഇതിലൂടെ സര്‍വീസ് നടത്തിയാല്‍ സ്വകാര്യ ബസുകള്‍ക്കു ഇന്‍ഷ്വറന്‍സ് പരിരക്ഷ കിട്ടില്ലെന്നാണ് ബസുടമകള്‍ പറയുന്നത്.
നാരായണമംഗലം റോഡ് ബ്ലോക്ക് ചെയ്താല്‍ തൃശൂര്‍- കൊടുങ്ങല്ലൂര്‍ റൂട്ടിലെ ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാനാണ് ബസ് കോ- ഓഡിനേഷന്‍ കമ്മറ്റി തീരുമാനം.

