തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ചത്ത നിലയില്‍: ‘നിരുപദ്രവകാരികളായ നായകളെ വിഷം വെച്ച്‌ കൊന്നു’-പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍

കോട്ടയം: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം വര്‍ധിച്ച്‌ വരികയാണ്. ഇന്നലെയും കുട്ടികള്‍ക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായി.

ഇവയുടെ ശല്യം കാരണം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കാല്‍നടയായി യാത്ര ചെയ്യാന്‍ കഴിയാതെ വരികയാണ്. ബൈക്കില്‍ പോകുന്നവരെ വരെ തെരുവുനായ്ക്കള്‍ ആക്രമിക്കുകയാണ്. ഇതിനിടെ, തെരുവുനായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നു.

വൈക്കം കടുത്തുരുത്തി പ്രദേശങ്ങളില്‍ ആണ് തെരുവുനായകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിഷേധവുമായി മൃ​ഗസ്നേഹികള്‍ രം​ഗത്ത്. കടുത്തുരുത്തിയിലും പെരുവയിലും പരിസര പ്രദേശങ്ങളിലുമായി പത്തോളം തെരുവുനായ്ക്കളാണ് ചത്തത്. പലതവണ നാട്ടുകാര്‍ക്ക് കടിയേറ്റിട്ടും അധികൃതര്‍ നടപടി എടുക്കാത്തതിനെ തുടര്‍ന്ന് നായകളെ വിഷംവെച്ച്‌ കൊന്നതാണെന്നാണ് മൃഗസ്നേഹികള്‍ ആരോപിക്കുന്നത്.

തിങ്കളാഴ്ച രാവിലെയാണ് മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കല്‍, കീഴൂര്‍ എന്നിവിടങ്ങളില്‍ നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത്. മുളക്കുളം പഞ്ചായത്തില്‍ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ വൈക്കം പ്രദേശത്ത് മാത്രം ഇരുപതോളം പേര്‍ക്കാണ് നായയുടെ കടിയേറ്റത്. അക്രമകാരികളായ നായ്ക്കളെ പ്രതിരോധിക്കുന്നതിനുളള നടപടി സ്വീകരിക്കുന്നതിന് പകരം നിരുപദ്രവകാരികളായ നായകളെയടക്കം കൊന്നൊടുക്കിയ നടപടിക്കെതിരെയാണ് മൃ​ഗസ്നേഹികളുടെ പ്രതിഷേധം.

prp

Leave a Reply

*