സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കടപ്പുറത്തെ കൂടത്തില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; 4 പേര്‍ അറസ്റ്റില്‍

സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ സംഘം ചേര്‍ന്ന് കടപ്പുറത്തെ കൂടത്തില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിലെ നാല് പ്രതികളെ വര്‍ക്കല ഡിവൈഎസ്പി പി നിയാസിന്റെ നേതൃത്വത്തിലുള്ള അഞ്ചുതെങ്ങ് പോലീസ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു .വെട്ടൂര്‍ സ്വദേശി മുശിട് എന്ന് വിളിക്കുന്ന കബീര്‍ (57),
അഞ്ചുതെങ്ങു സ്വദേശികളായ സമീര്‍ (33) നവാബ് (25)
ഷൈല എന്ന് വിളിക്കുന്ന സൈനുല്‍ലാബീദീന്‍ ( 59) എന്നിവരാണ് അറസ്റ്റിലായത്. 2020 – 2021 കോവിഡ് കാലഘട്ടത്തിലും തുടര്‍ന്നും സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ നിരവധി തവണ വീടിനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മുകളിലും കടപ്പുറത്തെ കൂടത്തിലും കൊണ്ടുപോയി സംഘം ചേര്‍ന്ന് ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു.

ഈ വര്‍ഷവും കുട്ടിയെ ശാരീരികമായി നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി. 11 വയസ്സ് മുതല്‍ 13 വയസ്സ് വരെയുള്ള കാലയളവില്‍ പെണ്‍കുട്ടി ശാരീരികമായി പീഡിപ്പിക്കപ്പെട്ടു എന്നുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പരാതിയിലാണ് വര്‍ക്കല ഡിവൈഎസ്പി കേസ് നേരിട്ട് അന്വേഷിച്ചത്.

ഒന്നാം പ്രതിയായ കബീറാണ് പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള കൂടത്തില്‍ വച്ചു കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം വിവരം പുറത്തറിഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു . തുടര്‍ന്ന് സമീര്‍, നവാബ്, എന്നിവര്‍ ചേര്‍ന്ന് കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. സൈനുല്‍ലാബീദീന്‍ ഈ വര്‍ഷം കുട്ടിയെ ഒന്നിലധികം തവണ ശാരീരികമായി ഉപയോഗിച്ചിട്ടുണ്ടെന്നും മൊഴിയുണ്ട്.

പിന്നീട് സ്കൂളില്‍ എത്തിയ കുട്ടിയുടെ സ്വഭാവത്തിലേയും പെരുമാറ്റത്തിലെയും വ്യത്യാസങ്ങള്‍ കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരമറിയിക്കുകയായിരുന്നു . തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പരാതിയിന്മേല്‍ പോലീസ് കേസ് എടുത്തു . കൗണ്‍സിലിംഗ് ലഭ്യമാക്കിയ ശേഷം വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥിനിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. 2020 മുതല്‍ 2022 വരെയുള്ള കാലയളവില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

പെണ്‍കുട്ടിയുടെ വീടിനടുത്തുള്ളതും കടല്‍ പണിക്കും മറ്റും പോകുന്നതുമായ പ്രതികളെ വിവിധ സ്ഥലത്ത് നിന്നും പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ പോക്സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് നടപടികള്‍ക്ക് ശേഷം വര്‍ക്കല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഇന്ന് റിമാന്‍ഡ് ചെയ്തു.

prp

Leave a Reply

*