പെണ്‍കുട്ടികള്‍ പാന്റ്സും ഷര്‍ട്ടും ഇടണമെന്ന തീരുമാനം എന്തിനാണ് അടിച്ചേല്‍പ്പിക്കുന്നത്?; വി.‍ഡി സതീശന്‍

പെണ്‍കുട്ടികള്‍ പാന്റ്സും ഷര്‍ട്ടും ഇടണമെന്ന തീരുമാനം എന്തിനാണ് അടിച്ചേല്‍പ്പിക്കുന്നത്?; വി.‍ഡി സതീശന്‍

ജന്‍ഡര്‍ ന്യൂട്രല്‍ വിഷയത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രം​ഗത്ത്. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ആരെയും ഒരു വസ്ത്രവും അടിച്ചേല്‍പ്പിക്കരുത്. പെണ്‍കുട്ടികള്‍ പാന്റ്‌സും ഷര്‍ട്ടും ഇടണമെന്ന തീരുമാനം എന്തിനാണ് അടിച്ചേല്‍പ്പിക്കുന്നത്?. ഇത് എങ്ങനെ ജെണ്ടര്‍ ഇക്വാളിറ്റിയാകും?. യൂണിഫോം ഒരു പാറ്റേണ്‍ ആണ്. പക്ഷെ അതില്‍ ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പെണ്‍കുട്ടികള്‍ക്കുണ്ട്. ജന്‍ഡര്‍ ജസ്റ്റിസ് നടപ്പാക്കുമ്ബോള്‍ പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യമാണ് പ്രധാനം. അതനുസരിച്ചുള്ള തീരുമാനം സര്‍ക്കാര്‍ നടപ്പാക്കിയാല്‍ പ്രതിപക്ഷം പിന്തുണയ്ക്കും. ജന്‍ഡര്‍ ജസ്റ്റിസ് സംബന്ധിച്ച ചര്‍ച്ച കുട്ടികളുടെ യൂണിഫോമില്‍ മാത്രം ഒതുക്കി നിര്‍ത്തുകയാണ്. ( VD Satheesan reacts on gender neutral issue )

ലിംഗ നീതി സംബന്ധിച്ച്‌ മുന്‍ഗണന തീരുമാനിക്കണം. അല്ലാതെ ഓരോ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിച്ചിട്ട് ഇതാണ് ലിംഗ നീതിയെന്ന് പറയരുത്. വിവാദങ്ങള്‍ ഉണ്ടാക്കാതെ ലിംഗ നീതി നടപ്പാക്കുകയാണ് ചെയ്യേണ്ടത്. ലിംഗ നീതി സമൂഹത്തില്‍ അനിവാര്യമാണെന്നതാണ് കോണ്‍ഗ്രസ് നിലപാട്. ഉറച്ച സ്ത്രീപക്ഷ നിലപാടാണ് കോഴിക്കോട് ചിന്തന്‍ ശിബിറിലും സ്വീകരിച്ചത്. ലിംഗ നീതി വിഷയത്തില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കേണ്ട. ഡോ. എം.കെ മുനീര്‍ പറഞ്ഞത് എന്താണെന്ന് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ജന്‍ഡര്‍ ന്യൂട്രല്‍ ചര്‍ച്ച സി.പി.ഐ.എമ്മിന്റെ അജണ്ടയുടെ ഭാഗമാണെന്ന ആരോപണവുമായി ‌ഇ.ടി മുഹമ്മദ് ബഷീര്‍ എം.എല്‍.എ രം​ഗത്തെത്തി. സമത്വം വേണ്ടത് തുല്യവേതനം നല്‍കുന്ന കാര്യത്തിലാണ്. അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നതിന് പകരം ചര്‍ച്ച വഴി തിരിച്ചുവിടാനാണ് സര്‍ക്കാരിന്റെ നീക്കം. എം.കെ മുനീര്‍, പി.എം.എ സലാം എന്നിവര്‍ പറഞ്ഞതില്‍ അവര്‍ തന്നെ വിശദീകരണം നല്‍കട്ടെയെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന പേരില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്താന്‍ അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചത് വിവാദമായിരുന്നു. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കിയാല്‍ കുട്ടികളുടെ ശ്രദ്ധ പാളിപ്പോകും. ആണും പെണ്ണും ഒന്നിച്ചിരിക്കുന്നത് അപകടമാണ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വഭാവദൂഷ്യമുണ്ടാവുമെന്നും പിഎംഎ സലാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജന്‍ഡര്‍ ന്യൂട്രല്‍: ഒരിടത്തും യൂണിഫോം സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് വി.ശിവന്‍കുട്ടി

ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളുടെയും ഉന്നതാധികാര സമിതി അംഗങ്ങളുടെയും യോഗത്തിലെ തീരുമാനങ്ങളാണ് പി.എം.എ സലാം വിശദീകരിച്ചത്. ലിബറലിസത്തിന്‍്റെ നിഗൂഢമായ ദുരുദ്ദേശ്യമാണ് നിര്‍ദ്ദേശത്തിനു പിന്നില്‍. ഇത് എല്ലാ മതവിശ്വാസികളുടെയും പ്രശ്നമാണ്. മതവിശ്വാസങ്ങളില്‍ കാലാനുസൃത മാറ്റം എന്നൊന്നില്ല. ജപ്പാനില്‍ ഫ്രീ സെക്സും ലിബറലിസവും വന്നതോടെ ജനസംഖ്യ കുറഞ്ഞു. പുരുഷ വസ്ത്രം സ്ത്രീയില്‍ അടിച്ചേല്പിക്കുന്നതിനു പകരം സ്ത്രീകളുടെ വസ്ത്രം ധരിച്ച്‌ പുരുഷന്മാര്‍ക്ക് സ്ത്രീകളെ ബഹുമാനിച്ചുകൂടേ? എന്നും പിഎംഎ സലാം ചോദിച്ചു.

ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പായാല്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നാണ് മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍ പറഞ്ഞത്. കൂടുതല്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടാന്‍ സാധ്യത ഉണ്ട്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കുമ്ബോള്‍ സ്വവര്‍ഗ ലൈംഗികതയില്‍ എന്തിനാണ് കേസ് എടുക്കുന്നത്. ആണ്‍കുട്ടികള്‍ മുതിര്‍ന്ന പുരുഷന്മാരുമായി ബന്ധപ്പെട്ടാല്‍ കേസ് എടുക്കുന്നത് എന്തിനാണെന്നും എംകെ മുനീര്‍ ചോദിച്ചു. ഇതിനെതിരെ പ്രതികരിച്ചത് കൊണ്ട് തന്നെ ഇസ്ലാമിസ്റ്റ് ആക്കിയാലും കുഴപ്പമില്ലെന്നും മുനീര്‍ പറഞ്ഞു. കെഎടിഎഫ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു മുനീര്‍.

സി.ഇ.ടിക്ക് സമീപത്തെ ബസ് സ്റ്റോപ്പില്‍ ജന്‍ഡര്‍ ന്യൂട്രല്‍ ബസ് ഷെല്‍റ്റര്‍ നിര്‍മ്മിക്കും; പ്രഖ്യാപനവുമായി ആര്യ രാജേന്ദ്രന്‍

എന്നാല്‍, ഒരിടത്തും ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു. ത്യല്യതാ യൂണിഫോം നടപ്പാക്കണം എന്നുള്ള സ്‌കൂളുകള്‍ പി ടി എയുമായി ആലോചിച്ചു സര്‍ക്കാരിനെ അറിയിച്ചാല്‍ പരിഗണിക്കും. സര്‍ക്കാരിന് പ്രത്യേക നിര്‍ബന്ധം ഇല്ല. നിലപാട് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും തെറ്റിദ്ധാരണ പരക്കുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.

ഒരു നിലയിലും ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യത യൂണിഫോം വേണമെങ്കില്‍ പിടിഎയും സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ തദ്ദേശ സ്ഥാപനവും കൂടിയാലോചിച്ച്‌ ആ തീരുമാനം വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കുകയാണ് വേണ്ടത്. വിദ്യാഭ്യാസ വകുപ്പ് അത് പരിശോധിച്ച ശേഷമാണ് തീരുമാനമെടുക്കുന്നതെന്നും വി. ശിവന്‍ കുട്ടി പറഞ്ഞു.

prp

Leave a Reply

*