തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെ കുറിച്ച് ചര്ച്ച ചെയ്ത യൂട്യൂബ് വ്ളോഗര് അറസ്റ്റിലായത്.
ബീച്ച് റോഡ് പുത്തന്പുരയ്ക്കല് ഫ്രാന്സിസ് നെവിന് അഗസ്റ്റിനോടൊപ്പം ഇന്സ്റ്റഗ്രാം ലൈവില് സംസാരിച്ച പെണ്കുട്ടിയെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള് പുറത്ത് വരുന്നത്.
ഒമ്ബതാം ക്ലാസ് കഴിഞ്ഞ് പെണ്കുട്ടി സ്കൂളില് പോവുകയോ ഓണ്ലൈന് ക്ലാസിലിരിക്കുകയോ ചെയ്തിട്ടില്ലെന്ന് പെണ്കുട്ടിയുടെ അമ്മ വേദനയോടെ പറയുന്നു. പതിനേഴുകാരിയായ പെണ്കുട്ടി വഴിതെറ്റിപോയതിന്റെ കാരണങ്ങള് നിരത്തുകയാണ് ആ അമ്മ.
ഇത് വീടെന്നു പറയാന് പറ്റില്ല സാറേ. ചെളിമണ്ണിലാണ് ഞങ്ങള് കിടക്കുന്നത്. ഒന്പതു വര്ഷമായി മേഞ്ഞിട്ടില്ലാത്ത ഓലവീടാണ്. പ്ലാസ്റ്റിക് ഷീറ്റും തുണിയും ഇട്ട് ഇങ്ങനെ പോകുന്നു. ഈ പഞ്ചായത്തില് ഇങ്ങനെ വേറെ ഒരു വീടുണ്ടാവില്ല. അകത്ത് എപ്പോഴും വെള്ളം കാണും. അകത്ത് കാലുകയറ്റി വയ്ക്കാന് ഒരു ഉണങ്ങിയ സ്ഥലം വേണമെങ്കില് കട്ടളയില് കയറ്റി വയ്ക്കണം.”അവള്ക്ക് ഇപ്പോള് 17 വയസ്സാണ്. ഒന്പതാം ക്ലാസ് കഴിഞ്ഞ് മോള് സ്കൂളിലൊന്നും പോയിട്ടില്ല. ആ സമയത്തെ ഓണ്ലൈന് ക്ലാസിലും കയറിയിട്ടില്ല. കൂട്ടുകാര്ക്കൊപ്പം കറങ്ങി നടക്കുക, അവള് പറയുന്ന പോലെ ‘ബോങ്കടിക്കുക’ ഇതൊക്കെയാണ് പ്രധാനമെന്ന് അമ്മ വേദനയോടെ പറയുന്നു.
അച്ഛന് ആര്മിയിലാണെന്ന് അവള് പറയുന്നതു പച്ച നുണയാണ്. അമ്മ ബാങ്ക് ജോലിക്കാരിയാണ് എന്നാണ് കൂട്ടുകാരോടു പറയാറുള്ളത്. പഞ്ചായത്തിന്റെ ഹരിത കര്മ സേനയ്ക്കൊപ്പം ജോലിക്കു പോകുന്നുണ്ട് ഇപ്പോള്. കൂലിപ്പണിക്കാരനായ അച്ഛനു മാനസികപ്രശ്നങ്ങള് ഉള്ളതുകൊണ്ടു തന്നെ അവളുടെ ചെറുപ്രായം മുതല് എന്നും വീട്ടില് വഴക്കാണ്. ജോലിക്കും പോകുന്നില്ല. അതു കണ്ടു വളര്ന്ന അവള് ഇങ്ങനെയായിപോയതാണെന്നും അമ്മ പറയുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില് പെണ്കുട്ടിയുടെ പശ്ചാത്തലം അന്വേഷിച്ചവരോട് ആയിരുന്നു അമ്മയുടെ തുറന്നുപറച്ചില്.

