മോദിയുടെ ആസ്‌തിയില്‍ ഒരുവര്‍ഷം കൊണ്ടുണ്ടായത് 26 ലക്ഷത്തിന്റെ വ‌ര്‍ദ്ധന; പ്രധാനമന്ത്രിയുടെ ആകെ സ്വത്ത് വിവരം പുറത്ത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് കഴിഞ്ഞ ഒരു വര്‍‌ഷത്തിനിടെ 26 ലക്ഷം രൂപയുടെ ആസ്‌തി വര്‍ദ്ധനവുണ്ടായെന്ന് വിവരം.

പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്‌സൈറ്റിലൂടെ പുറത്തുവിട്ട വിവരമനുസരിച്ച്‌ 2.23 കോടി മൂല്യമുള‌ള ആസ്‌തിയുണ്ട് പ്രധാനമന്ത്രിയ്‌ക്ക്. ഇതില്‍ കൂടുതലും ബാങ്ക് നിക്ഷേപമാണ്. നിഷ്‌ക്രിയ ആസ്‌തിയായി ഒന്നും തന്നെയില്ല. 1.1 കോടിയുടെ നിഷ്‌ക്രിയ ആസ്‌തിയാണ് 2021 മാര്‍ച്ച്‌ 31നുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഗാന്ധിനഗറിലെ സ്വന്തം പങ്കില്‍വരുന്ന ഭൂമി വിറ്റതോടെ ഇത് ഇല്ല.

ബോണ്ടായോ ഓഹരിയായോ മ്യൂച്വല്‍ ഫണ്ടിലോ നിക്ഷേപമൊന്നുമില്ല. എന്നാല്‍ 1.73 ലക്ഷം രൂപയുടെ നാല് സ്വര്‍ണമോതിരങ്ങള്‍ കൈയിലുണ്ട്. ആകെ ഈ വര്‍ഷം മാര്‍ച്ച്‌ 31 വരെ 2,23,82,504 രൂപയാണ് ആസ്‌തി. 2002ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ വാങ്ങിയ ഭൂമിയുണ്ട്. എന്നാല്‍ ഇത് മറ്റ് മൂന്നുപേര്‍‌ക്ക് കൂടി അവകാശപ്പെട്ടതാണ്. കൈവശമുള‌ളത് 35250 രൂപ മാത്രമാണ്. പോസ്‌റ്റോഫീസിലെ ആസ്‌തി 9,05,105 ആണ്. 1,89305 രൂപയുടെ ഇന്‍ഷ്വറന്‍സ് പോളിസി സ്വന്തമായുണ്ട്.

മറ്റ് മന്ത്രിമാരുടെ ആസ്‌തി പരിശോധിച്ചാല്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് സ്ഥാവരആസ്‌തി 2.54 കോടിയും ജംഗമവസ്‌തുക്കള്‍ 2.97 കോടിയുമാണ്. മന്ത്രിമാരായ ധര്‍മ്മേന്ദ്ര പ്രധാന്‍, ജ്യോതിരാദിത്യ സിന്ധ്യ, ആര്‍‌കെ സിംഗ്, ഹര്‍ദീപ് സിംഗ് പുരി, പര്‍ഷോത്തം റുപാല, ജി.കിഷന്‍ റെഡ്‌ഡി എന്നിവരും തങ്ങളുടെ സ്വത്ത് വിവരം വെളിപ്പെടുത്തി.

prp

Leave a Reply

*