യുക്രെയ്ന്‍ യുദ്ധത്തിന് ഉത്തര കൊറിയയും; കിങ് ജോങ് ഉന്‍ അയക്കുക ലക്ഷം പട്ടാളക്കാരെ

യുക്രെയ്ന്‍ യുദ്ധം വിജയിക്കാന്‍ റഷ്യയോടൊപ്പം പോരാടുന്നതിന് ലക്ഷം സൈനികരെ ഉത്തര കൊറിയ അയക്കുമെന്ന് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍.

പ്രതിരോധ നിരീക്ഷകന്‍ ഇഗോര്‍ കൊറോഷ്ചെങ്കോയെ ഉദ്ധരിച്ച്‌ റഷ്യന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുദ്ധമുഖങ്ങളില്‍ തിരിച്ചടി നല്‍കാനുള്ള ഉത്തര കൊറിയന്‍ സൈന്യത്തിന്‍റെ കഴിവിനെ പ്രശംസിച്ച കൊറോഷ്ചെങ്കോ, കിം ജോങ് ഉന്നിന്‍റെ വാഗ്ദാനം റഷ്യ ഇരുകൈയും നീട്ടി സ്വീകരിക്കണമെന്നും അഭിപ്രായപ്പെട്ടു. യുക്രെയ്നിയന്‍ ഫാഷിസത്തിനെതിരെ പോരാടാന്‍ ഉത്തര കൊറിയക്ക് താല്‍പര്യമുണ്ടെങ്കില്‍ അവരെ അതിന് അനുവദിക്കണം -അദ്ദേഹം പറഞ്ഞു.

യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യ പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് ഉത്തര കൊറിയയുടെ സഹായ വാഗ്ദാനം. റഷ്യയുടെ യുദ്ധവീര്യം അവസാനിക്കാന്‍ പോവുകയാണെന്ന് കഴിഞ്ഞ മാസം ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം മേധാവി റിച്ചാര്‍ഡ് മൂര്‍ പറഞ്ഞിരുന്നു. യുദ്ധമുഖത്തേക്ക് സൈനികരെയും അവശ്യവസ്തുക്കളെയും ലഭ്യമാക്കാന്‍ റഷ്യ ഏറെ ബുദ്ധിമുട്ടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ന്യൂയോര്‍ക് ആസ്ഥാനമായുള്ള കൗണ്‍സില്‍ ഫോര്‍ ഫോറിന്‍ റിലേഷന്‍സിന്‍റെ കണക്കനുസരിച്ച്‌, ലോകത്ത് കൂടുതല്‍ അംഗബലമുള്ള നാലാമത്തെ സൈന്യമാണ് ഉത്തര കൊറിയയുടേത്. 13 ലക്ഷം സൈനികരും, ആറ് ലക്ഷം റിസര്‍വ് സൈന്യവും ഉത്തര കൊറിയക്കുണ്ട്. അതേസമയം, അവരുടെ സാങ്കേതിക സംവിധാനങ്ങളും ആയുധങ്ങളും കാലപ്പഴക്കം ചെന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

യുദ്ധത്തിന് ശേഷമുള്ള യുക്രെയ്ന്‍റെ പുനര്‍ നിര്‍മാണത്തിനും ഉത്തര കൊറിയ റഷ്യക്ക് സഹായം വാഗ്ദാനം ചെയ്തതായി ദക്ഷിണ കൊറിയന്‍ മാധ്യമമായ ഡെയ്‍ലി എന്‍.കെ റിപ്പോര്‍ട്ട് ചെയ്യുന്നു. ആയിരത്തിലേറെ വിദഗ്ധരെ ഡോണ്‍ബാസ് മേഖലയിലേക്ക് അയക്കുമെന്നാണ് കിം ജോങ് ഉന്‍ റഷ്യക്ക് വാഗ്ദാനം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

prp

Leave a Reply

*