കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വീട്ടില്‍ ഒരാള്‍ നുഴഞ്ഞുകയറി താമസിച്ചു.
മമതയുടെ ദക്ഷിണ കൊല്‍ക്കത്ത കാളിഘട്ടിലെ വീട്ടിലാണ് സംഭവം. മുഖ്യമന്ത്രിയുടെ സ്വകാര്യവസതിക്ക് കാവല്‍ നില്ക്കുന്ന നിരവധി ഉദ്യോഗസ്ഥരെ മറികടന്നാണ് ഇയാള്‍ അകത്തുകടന്നത്. ആരുമറിയാതെ ഇയാള്‍ വീട്ടില്‍ ഒരുരാത്രി ചെലവഴിക്കുകയും ചെയ്തു.
വീടിന്റെ മതില് ചാടിക്കടന്ന് ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഇയാള്‍ അകത്ത് കടന്നതെന്ന് പൊലീസ് പറഞ്ഞു. വീടിനുള്ളില്‍ ഒരുമൂലയില്‍ ഇരുന്നാണ് രാത്രി കഴിച്ചുകൂട്ടിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ രാവിലെയാണ് ഇയാളെ കണ്ടത്. ഉടന്‍ അറസ്റ്റ് ചെയ്തുവെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി. എന്തിനാണ് വീട്ടില്‍ കയറിയതെന്ന് വ്യക്തമല്ലെന്നും മാനസിക വെല്ലുവിളി നേരിടുന്ന ആളാകാന്‍ സാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞു.

