ദിവസേനെ നിരന്തരം പുതുമയുള്ള വാര്‍ത്തകള്‍ നാം കാണാറും കേള്‍ക്കാറും അറിയാറുമുണ്ട്.
അക്കൂട്ടത്തില്‍ വളരെ വിചിത്രമായ വാര്‍ത്തകളും വരാറുണ്ട്. ഇക്കൂട്ടത്തില്‍ വളരെയധികം കൗതുകമുണ്ടാക്കുന്ന സംഭവമാണിപ്പോള്‍ വാര്‍ത്തകളില്‍ ശ്രദ്ധേയമാകുന്നത്.
മെക്സിക്കോയിലെ ‘ഒക്സാകാ’ എന്ന സ്ഥലത്ത് അവിടത്തെ മേയര്‍ ഒരു ചീങ്കണ്ണിയെ വിവാഹം ചെയ്തുവെന്നതാണ് സംഭവം. കേട്ടാല്‍ ആരും വിശ്വസിക്കാത്ത വാര്‍ത്ത തന്നെയല്ലേ. എന്നാല്‍ സംഗതി സത്യമാണ്. ആചാരത്തിന്റെ ഭാഗമായാണ് മേയര്‍(mayor) വിക്ടര്‍ ഹ്യൂഗോ സോസ ചീങ്കണ്ണി(alligator)യെ വിവാഹം ചെയ്തിരിക്കുന്നത്.
മേയര്‍ കൂടി ഉള്‍പ്പെടുന്ന സമുദായത്തിന്റെ വിശ്വാസപ്രകാരം പ്രകൃതി മനുഷ്യര്‍ക്ക് അനുകൂലമായി നില്‍ക്കുന്നതിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയെന്ന നിലയിലാണ് ചീങ്കണ്ണിയെ വിവാഹം ചെയ്യുന്നത്. ഈ ചീങ്കണ്ണിയെ ആകട്ടെ ദൈവത്തിന്റെ പ്രതിനിധി എന്ന നിലയിലാണ് സമുദായക്കാര്‍ കാണുന്നത്. അപ്പോള്‍ മനുഷ്യരുടെ പ്രതിനിധിയായ മേയറും ചീങ്കണ്ണിയും വിവാഹിതരാകുമ്ബോള്‍ മനുഷ്യരും ദൈവവും ഒന്നിക്കുന്നു എന്നതാണത്രേ സങ്കല്പം.
ഏതൊരു വിവാഹവും പോലെ തന്നെ ആര്‍ഭാട പൂര്‍വം തന്നെയാണ് ഈ വിവാഹവും നടക്കുക. പരമ്ബരാഗത രീതിയിലുള്ള വെളുത്ത വിവാഹവസ്ത്രം അണിയിച്ച്, സമുദായക്കാര്‍ ചേര്‍ന്ന് ഘോഷത്തോടെയാണ് മണവാട്ടിയെ വിവാഹവേദിയിലേക്ക് ആനയിക്കുക. ശേഷം വിവാഹച്ചടങ്ങ്. മണവാട്ടിക്ക് മുത്തം നല്‍കുന്നതോടെ ചടങ്ങ് പൂര്‍ത്തിയായി.
എന്നാല്‍ ഇവിടെ മണവാട്ടി, ചീങ്കണ്ണിയായത് കൊണ്ട് തന്നെ അതിനെ ഉമ്മ വയ്ക്കുമ്ബോള്‍ തിരിച്ച് കടിക്കുകയോ ആക്രമിക്കുകയോ ചെയ്യാതിരിക്കാന്‍ വായ കൂട്ടി കെട്ടിയിട്ടുണ്ടായിരുന്നു എന്നതാണ് കൗതുകകരമായ കാര്യം. എന്തായാലും വ്യത്യസ്തമായ ഈ വിവാഹം സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായിട്ടുണ്ട്.

