ആന്റി ഷിപ്പ് മിസൈല്‍ ലോഞ്ചറുകള്‍, ഹൗവിറ്റ്സറുകള്‍, ഹിമാര്‍സ് മിസൈലുകള്‍ക്കായി കൂടുതല്‍ റൗണ്ടുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് അധിക സൈനിക സഹായം
വാഷിങ്ടണ്‍ : രാജ്യത്തിന്റെകിഴക്കന് മേഖലയില്‍ റഷ്യ ആക്രമണം ശക്തമാക്കുന്നതിനിടെ, യുക്രൈന് ഒരു ബില്യണ്‍ ഡോളറിന്റെ അധിക സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക. യുദ്ധത്തില്‍ യുക്രൈന് നിര്‍ണായക ആയുധങ്ങള്‍ എത്തിക്കാന്‍ അമേരിക്ക ശ്രമിക്കുകയാണെന്ന് പ്രസിഡന്റ് ജോ ബൈഡന് അറിയിച്ചു. ആന്റി ഷിപ്പ് മിസൈല്‍ ലോഞ്ചറുകള്‍, ഹൗവിറ്റ്സറുകള്‍, ഹിമാര്‍സ് മിസൈലുകള്‍ക്കായി കൂടുതല്‍ റൗണ്ടുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് അധിക സൈനിക സഹായം.
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ യുക്രൈന് സൈനികര്‍ക്ക് ഹിമാര്‍സ് മിസൈലില്‍ പരിശീലനം നല്‍കുമെന്ന് യുഎസ് ചീഫ് ഓഫ് സ്റ്റാഫ് ഓഫ് ദി ആര്‍മി ജനറല്‍ മാര്‍ക് മില്ലി വ്യക്തമാക്കി. യുദ്ധം ആരംഭിച്ചതിന് ശേഷം അമേരിക്ക നല്കുന്ന ഏറ്റവും വലിയ സൈനിക സഹായമാണിത്. ഒരു ബില്യണ്‍ ഡോളര്‍ പാക്കേജിന്റെ മൂന്നിലൊന്ന് പ്രസിഡന്‍ഷ്യല്‍ ഡ്രോഡൗണ്‍ അതോറിറ്റിയില്‍ (സര്‍ക്കാരിന്റെ ആയുധ ശേഖരണം) നിന്നായിരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
യുക്രൈന് പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് ബൈഡന് : ശേഷിക്കുന്ന മൂന്നില്‍ രണ്ട് ഭാഗം വിവിധ കമ്ബനികളില്‍ നിന്ന് വാങ്ങി യുക്രൈനിലേക്ക് അയയ്ക്കും. യുക്രൈന് പിന്തുണ നല്‍കുന്നത് സംബന്ധിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ബ്രസല്‍സില്‍ 45ല്‍ അധികം രാജ്യങ്ങളുടെ യോഗം വിളിച്ചുചേര്‍ത്തതിന് പിന്നാലെയാണ് സൈനിക സഹായം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമായത്. ഇതിനിടെ, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ബുധനാഴ്ച യുക്രൈന് പ്രസിഡന്റ് വ്ളാദ്മിര്‍ സെലന്‍സ്കിയുമായി 40 മിനിറ്റ് നേരം ഫോണില്‍ സംസാരിച്ചിരുന്നു.
സൈനിക സഹായത്തിന് പുറമെ കുടിവെള്ളം, മരുന്ന്, ഭക്ഷണം, ആരോഗ്യ പരിരക്ഷ, പാര്‍പ്പിടം, യുക്രൈന് ജനതയ്ക്ക് അത്യാവശ്യ വസ്തുക്കള്‍ വാങ്ങാനുള്ള പണം എന്നിവയ്ക്കായി അമേരിക്ക 225 മില്യണ്‍ ഡോളര്‍ മാനുഷിക സഹായമായി നല്‍കുമെന്ന് ബൈഡന് അറിയിച്ചു. യുദ്ധം മൂലം തകര്‍ന്ന യുക്രൈന് ജനതയെ പിന്തുണയ്ക്കാന്‍ യുഎസ് പ്രതിജ്ഞാബദ്ധമാണെന്നും ബൈഡന് പ്രസ്താവനയില്‍ വിശദീകരിച്ചു. ഫെബ്രുവരി അവസാനത്തോടെ യുദ്ധം ആരംഭിച്ചത് മുതല്‍ യുക്രൈന് ഇതുവരെ ഏകദേശം 5.6 ബില്യണ്‍ ഡോളര്‍ സുരക്ഷാസഹായമാണ് അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ളത്.

