‘നിന്റെ അപ്പൂപ്പന്റെ അടിയന്തരത്തില്‍ പങ്കെടുക്കാന്‍ എന്നാണ് പറയേണ്ടത്. അതു പറയുന്നില്ല’; സില്‍വര്‍ ലൈനില്‍ എം സ്വരാജ്

മലപ്പുറം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ അധിക്ഷേപിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്.

‘ഇത്ര വേഗത്തില്‍ എങ്ങോട്ടു പോകുന്നു എന്ന ചോദ്യത്തിന്, അപ്പൂപ്പന്റെ അടിയന്തരത്തില്‍ പങ്കെടുക്കാന്‍ പോകുന്നു എന്നാണ് ഉത്തരം നല്‍കേണ്ടത് എന്നും എന്നാല്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ അങ്ങനെ പറയുന്നില്ലെന്നും’ സ്വരാജ് പറഞ്ഞു. മലപ്പുറം പുത്തനത്താണിയില്‍ നടക്കുന്ന ഇ എം എസിന്റെ ലോകം സെമിനാറിന്റെ ഭാഗമായി ‘മാധ്യമരംഗം-ആശയ സാംസ്‌കാരിക സമരങ്ങള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സ്വരാജ്.

‘അതിവേഗ തീവണ്ടിപ്പാതയുടെ ആലോചന ആരംഭിച്ചത് ഈ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്തല്ല. അത് 2012ലാണ്. അന്ന് യുഡിഎഫ് ഗവണ്‍മെന്റാണ്. ഉമ്മന്‍ചാണ്ടിയാണ്. അന്ന് അതിവേഗ പാതയാണ്. അര്‍ധ അതിവേഗമല്ല. ആ അതിവേഗ പാതാ പദ്ധതി മുമ്ബോട്ടുവയ്ക്കുമ്ബോള്‍ അതിന്റെ പ്രചാരകരായിരുന്നു മനോരമയും മാതൃഭൂമിയും. അതേ മാധ്യമങ്ങള്‍ ഇപ്പോള്‍ ഇത്ര വേഗത്തില്‍ എവിടെപ്പോകുന്നു എന്നു ചോദിക്കുന്നു. നിന്റെ അപ്പൂപ്പന്റെ അടിയന്തരത്തില്‍ പങ്കെടുക്കാന്‍ എന്നാണ് പറയേണ്ടത്. പക്ഷേ, ഇതൊരു സെമിനാറായതു കൊണ്ടും ഉന്നതമായ സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതു കൊണ്ടും അങ്ങനെ പറയാനേ പാടില്ല.’ – സ്വരാജ് പറഞ്ഞു.

വികസന പദ്ധതികള്‍ എല്‍ഡിഎഫ് കൊണ്ടു വരേണ്ട എന്നാണ് മാധ്യമങ്ങള്‍ ശഠിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ‘ഇതാണ് കേരളത്തിലെ മാധ്യമങ്ങള്‍ മുമ്ബോട്ടുവയ്ക്കുന്ന രീതി. മലയാളിയുടെ ജീവിതത്തിന്റെ ഗതിയെ നിര്‍ണയിക്കുന്ന ഇത്തരത്തിലുള്ള വലിയ പദ്ധതികള്‍ക്ക് മനോരമയും മാതൃഭൂമിയും എതിരാണ് എന്ന് ആരെങ്കിലും കരുതുന്നുണ്ടോ. അല്ല, എതിരല്ല. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് അവര്‍ നിലപാട് പറഞ്ഞതാണ്. കേരളം വികസിക്കണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ട്, പക്ഷേ, സില്‍വര്‍ ലൈന്‍ പ്രൊജക്‌ട് വേണം, അതു ഞങ്ങളുടെ ഉമ്മന്‍ചാണ്ടി കൊണ്ടുവന്നാല്‍ മതി, നിങ്ങളുടെ പിണറായി കൊണ്ടുവരേണ്ട. അത്രയേ ഉള്ളൂ.’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രാനുമതി നിര്‍ബന്ധം

അതിനിടെ, സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര അനുമതി നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. തിരുവനന്തപുരം ഇ എം എസ് അക്കാദമിയില്‍ കഴിഞ്ഞ ദിവസം നടന്ന നവകേരള ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചാലെ മുന്നോട്ട് പോകാനാകൂ. എന്നാല്‍ ഇവിടെ ബിജെപി സമരം ചെയ്യുമ്ബോള്‍ അവര്‍ മടിച്ച്‌ നില്‍ക്കും. രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തില്‍ നമ്മള്‍ നിശബ്ദരാകരുത്. എന്താണോ അവരുടെ ഉദ്ദേശം അത് തുറന്ന് കാട്ടാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാം നേടിയെടുക്കലല്ല, ശരിയായ കാര്യങ്ങള്‍ നേടിയെടുക്കുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘പശ്ചാത്തല സൗകര്യത്തിന് നാടിന്‍റെ താല്‍പര്യം ഹനിക്കാത്ത വിധം മൂലധനം ആകര്‍ഷിക്കും. ഐ.ടി പാര്‍ക്കുകളെ പിന്തുണക്കും. സഹകരണ മേഖലയെയും ടൂറിസത്തില്‍ കൊണ്ടുവരണം. അര്‍ഹമായ നികുതി വിഹിതം സംസ്ഥാനത്തിന് ലഭിക്കണം. ഉല്‍പാദന മേഖലയില്‍ മൂലധന നിക്ഷേപത്തിന് കടമെടുക്കല്‍ തെറ്റല്ല. അത്തരം മേഖലയില്‍ നിക്ഷേപിക്കാന്‍ വായ്പയടക്കം ആശ്രയിക്കും. നാടിന്‍റെ താല്‍പര്യം ഹനിക്കാത്ത വിദേശ വായ്പകളേ എടുക്കൂ.’ – അദ്ദേഹം വ്യക്തമാക്കി.

prp

Leave a Reply

*