ചെന്നൈ: തമിഴ്നാട്ടില്‍ പതിനൊന്നുകാരനു നേരെ ജാതി അധിക്ഷേപം നടത്തുകയും തീയില്‍ തള്ളിയിടുകയും ചെയ്തതിന് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര് അറസ്റ്റില്‍.
പട്ടികജാതി- പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തമിഴ്നാട്ടില്‍ വില്ലുപുരം ജില്ലയില്‍ ഡിണ്ടിവനം ടൗണിലുള്ള കാട്ടുചിവിരി സര്‍ക്കാര്‍ സ്കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ത്ഥിയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. അറസ്റ്റിലായവരും ഇതേ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് നാലരയോടെ അമ്മൂമ്മയെ കാണുന്നതിനായി അതിക്രമത്തിനിരയായ കുട്ടി വീട്ടില്‍ നിന്ന് പോയിരുന്നു. തിരികെ വന്ന കുട്ടിയുടെ മുതുകിലും തോളിലും നെഞ്ചിലും പൊള്ളലിന്റെ പാടുകള്‍ കണ്ട മാതാപിതാക്കള്‍ കാര്യം തിരക്കിയപ്പോള്‍ അബദ്ധത്തില്‍ തീപിടിച്ച കുറ്റിക്കാട്ടില്‍ കാല് വഴുതി വീണുവെന്നാണ് മറുപടി നല്‍കിയത്.
കുട്ടിയെ ഉടന്‍ തന്നെ ഡിണ്ടിവനം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയും അടിയന്തര ചികിത്സ നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവില്‍ കുട്ടി സത്യം വെളിപ്പെടുത്തി. സ്കൂളിലെ ഉന്നത ജാതിയില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ നിരന്തരം ജാതി അധിക്ഷേപം നടത്താറുണ്ടെന്നും തിങ്കളാഴ്ച വൈകിട്ട് ഒറ്റയ്ക്ക് നടന്നുവരുന്നത് കണ്ട് ഉപദ്രവിക്കുകയും തീയിലേക്ക് തള്ളിയിടുകയുമായിരുന്നെന്നാണ് കുട്ടി പറഞ്ഞത്. തീയില്‍ വീണതിന് പിന്നാലെ ഷര്‍ട്ടില്‍ തീപിടിക്കുകയും പൊള്ളലേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ അടുത്ത് കണ്ട വാട്ടര്‍ ടാങ്കിലേക്ക് ചാടിയതിനാല്‍ വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.
കുട്ടിയുടെ പിതാവ് നല്കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

