‘മുസ്ലീങ്ങള്‍ ജനസംഖ്യ വര്‍ദ്ധിപ്പിച്ച്‌ ഇതൊരു മുസ്ലീം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു’; പി സി ജോര്‍ജിന്റെ പ്രഭാഷണത്തിനെതിരെ പരാതിയുമായി യൂത്ത് ലീഗ്‌

കോഴിക്കോട്: മുസ്ലീം സമുദായത്തെ അധിക്ഷേപിച്ചെന്നാരോപിച്ച്‌ മുന്‍ എം എല്‍ എ പി സി ജോര്‍ജിനെതിരെ മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കി യൂത്ത് ലീഗ്.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പി സി ജോര്‍ജിന്റെ വിവാദ പ്രസംഗം.

പി സി ജോര്‍ജിനെതിരെ പരാതി നല്‍കിയ വിവരം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. പ്രസംഗത്തിലുടനീളം മുസ്ലീം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വ്വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും ഫിറോസ് ആരോപിക്കുന്നു.

കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു, മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച്‌ ഇതൊരു മുസ്ലീം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലീം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു തുടങ്ങിയ ഗൗരവകരമായ നുണയാരോപണങ്ങളാണ് പി സി ജോര്‍ജ് ഉന്നയിച്ചതെന്നും പരാതിയില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മുസ്ലീം സമുദായത്തെ ശക്തമായി അധിക്ഷേപിച്ചും വര്‍ഗ്ഗീയത മാത്രം നിറഞ്ഞ പ്രഭാഷണം നടത്തിയും കേരളീയ സമൂഹത്തിനിടയില്‍ വിഷലിപ്ത സാന്നിധ്യമായി മാറിയ പിസി ജോര്‍ജ്ജിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി.

പരാതിയുടെ പൂര്‍ണ്ണരൂപം താഴെ നല്‍കുന്നു:

From,

PK Firos

General Secretary

Muslim Youth League Kerala State

To,

Director General of Police

Police Headquarters

Tiruvananthapuram

സാര്‍,

വിഷയം: മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്ജിന്റെ വര്‍ഗ്ഗീയ പ്രഭാഷണവുമായി ബന്ധപ്പെട്ട്

വളരെ സൗഹാര്‍ദ്ദ പൂര്‍വ്വം ജനങ്ങള്‍ അധിവസിക്കുന്ന നാടാണ് കേരളം. അങ്ങിനെയൊരിടത്ത് ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയത പറഞ്ഞും പ്രസംഗിച്ചു ചേരിതിരിവുണ്ടാക്കാനുള്ള പരിശ്രമങ്ങള്‍ ഒരു തരത്തിലും അനുവദിച്ചുകൂട. ഹിന്ദു മഹാ പരിഷത്ത് തിരുവനന്തപുരത്ത് വെച്ച്‌ നടത്തുന്ന ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ 29-04-22, വെള്ളി, ഉദ്ഘാടനം ചെയ്തു സംസാരിച്ച മുന്‍ എംഎല്‍എ പിസി ജോര്‍ജ്, പ്രസംഗത്തിലുടനീളം മുസ്‌ലീം സമുദായത്തെ വര്‍ഗ്ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വ്വം വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചതായും കാണാം.

കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു, മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച്‌ ഇതൊരു മുസ്ലീം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലീം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിങ്ങളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലീം മേഖലകളില്‍ സ്ഥാപിച്ച്‌ അവരുടെ സമ്ബത്ത് കവര്‍ന്നു കൊണ്ടുപോകുന്നു, തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചത്. ഇതെല്ലാം മുസ്ലീം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിറുത്താനും മറ്റു സമുദായത്തിലെ വിശ്വാസികള്‍ക്കും ഇവര്‍ക്കുമിടയില്‍ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുക.

ഇത്തരം പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കേണ്ടത് നമ്മുടെ നാട്ടില്‍ ക്രമസമാധാനവും മതസൗഹാര്‍ദ്ധവും നിലനിര്‍ത്താന്‍ അനിവാര്യമാണ്. ആയതിനാല്‍, IPC 153 A പ്രകാരവും മറ്റു വകുപ്പുകള്‍ പ്രകാരവും ഇദ്ദേഹത്തിനെതിരെ കേസെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്നു.

prp

Leave a Reply

*